നിയാസ് മുസ്തഫ
അനുഭവിച്ചവർക്കറിയാം വിശപ്പിന്റെ വേദന. വിശക്കുന്നവന്റെ മുന്നിലേക്ക് അല്പം ആഹാരം വച്ചുനീട്ടുന്പോൾ അവരുടെ കണ്ണുകളിൽ ഉണ്ടാവുന്ന ഒരുതരം തിളക്കമുണ്ടല്ലോ. ആ തിളക്കം കാണുന്പോൾ മനസിനുണ്ടാകുന്ന കുളിർമ. അതു പറഞ്ഞറിയിക്കാൻ കഴിയില്ല.
ലോകത്തിലെ ഏറ്റവും വില കൂടിയ കാറിൽ സഞ്ചരിച്ചാലോ, ഏറ്റവും ഉയരമുള്ള കെട്ടിടത്തിൽ കിടന്നുറങ്ങിയാലോ കിട്ടില്ല, മറ്റൊന്നിനും പകരം വയ്ക്കാൻ കഴിയാത്ത ആ സുഖം. ഞാൻ അനുഭവിച്ചിട്ടുണ്ട്. നിങ്ങളും ചെയ്തുനോക്ക്. ആഴ്ചയിൽ ഒരിക്കലെങ്കിലും വിശക്കുന്ന ഒരു വയറു നിറയ്ക്കണം. സഹജീവികളെ സ്നേഹിച്ച് പച്ചമനുഷ്യനായി ജീവിക്കാനാവണം. – മലപ്പുറം തിരൂർ സ്വദേശി ഷെഫീക്ക് സൂറത്ത് എന്ന മനുഷ്യസ്നേഹിയുടെ വാക്കുകളാണിത്.
ഷെഫീക്കും ഏറ്റവും അടുത്ത സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയതാണ് വിശക്കുന്നവന് അന്നം നൽകിയുള്ള യാത്ര. ആ യാത്ര ഇന്നു ചെന്നെത്തിനിൽക്കുന്നത് വലിയൊരു കൂട്ടായ്മയിലാണ്. ടീം സ്ട്രീറ്റ് ലൈറ്റ് എന്ന പേരിൽ തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവരുടെ കൂട്ടായ്മ ഇന്ന് ജീവകാരുണ്യമേഖലയിൽ സജീവമാണ്.
ഞായറാഴ്ചകളിൽ ഉച്ചഭക്ഷണവും ബുധനാഴ്ചകളിൽ രാത്രിഭക്ഷണവുമാണ് ഷെഫീക്കും സുഹൃത്തുക്കളും തെരുവോരങ്ങളിൽ കഴിയുന്ന നിരാലംബരായ മനുഷ്യരെ കണ്ടെത്തി വിതരണം ചെയ്യുന്നത്. ഏതാണ്ട് 150ഒാളം ഭക്ഷണപ്പൊതികളുമായിട്ടാണ് വരവ്. എല്ലാ പൊതിയും അർഹരായവരെ കണ്ടെത്തി കൊടുത്തശേഷമേ ഇവർ ഭക്ഷണംപോലും കഴിക്കാറുള്ളൂ.
മലപ്പുറത്ത് ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം നൽകുന്നതെങ്കിൽ കർണാടക, കണ്ണൂർ, കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെല്ലാം ഭക്ഷണം കൊടുക്കുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ അതാത് ജില്ലാ കോ-ഒാർഡിനേറ്റർമാർ മുഖാന്തിരമാണ്. മലപ്പുറത്ത് 150ഒാളം ഭക്ഷണപ്പൊതികൾ ആഴ്ചയിൽ രണ്ടുദിവസങ്ങളിലായി നൽകാൻ കഴിയുന്പോൾ മറ്റിടങ്ങളിൽ ആഴ്ചയിലൊരിക്കൽ 75നടുത്ത് പൊതികൾ കൊടുക്കുന്നു.
ഷെഫീക്കിന്റെ തുടക്കം
ഏതാണ്ട് എട്ടുവർഷത്തോളമായി ഷെഫീക്ക് ഭക്ഷണം നൽകിത്തുടങ്ങിയിട്ട്. ആദ്യമൊക്കെ കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല. പെരുന്നാൾ, ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിലായിരുന്നു തുടക്കസമയത്ത് ആഹാരം നൽകിയിരുന്നത്. അന്നു കൂടുതൽ പൊതിയൊന്നും കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.
2014ലാണ് ശരിക്കും കൂടുതൽ ആളുകളെ ഞങ്ങളോടൊപ്പം കൂട്ടാൻ തീരുമാനിച്ചത്. അന്നൊരു സംഭവമുണ്ടായി. ആലപ്പുഴയിൽനിന്ന് ട്രെയിനിൽ യാത്ര ചെയ്തു വരുന്പോൾ മുഷിഞ്ഞ വസ്ത്രമൊക്കെ ധരിച്ച് ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ഒരാളെ ട്രെയിനിൽ കണ്ടു. പല ആളുകളും അയാളോട് മോശമായി പെരുമാറുന്നു. ഞാനും എന്റെ സുഹൃത്തുക്കളും അയാളെ ശ്രദ്ധിച്ചു. കുറേ സമയം കഴിഞ്ഞിട്ടും അയാളൊന്നും കഴിച്ചിട്ടില്ലായെന്ന് ഞങ്ങൾക്ക് മനസിലായി. ഞങ്ങൾ കഴിക്കാനിരുന്ന ഭക്ഷണം അയാൾക്ക് നൽകി. എല്ലാവരും ഭ്രാന്തനെപ്പോലെ കണ്ട അയാൾ പെട്ടെന്ന് ഞങ്ങളോട് വളരെ സൗഹൃദത്തോടെ പെരുമാറാൻ തുടങ്ങി. ഇതു ഞങ്ങൾക്കു നൽകിയ മാനസിക സന്തോഷം വളരെ വലുതായിരുന്നു.
അന്നു മുതൽ ഞങ്ങൾ തീരുമാനിച്ചു. വിശേഷ ദിവസങ്ങളിൽ മാത്രമല്ല, മാസത്തിൽ ഒരു ദിവസമെങ്കിലുംവച്ച് ആരോരുമില്ലാത്തവർക്ക് ഭക്ഷണപ്പൊതികൾ നൽകണമെന്ന്. ഞങ്ങൾക്ക് അതിനു സാധിച്ചു. പിന്നീട് മാസത്തിലൊന്ന് എന്നത് ആഴ്ചയിൽ ഒരു തവണയാക്കി. പിന്നെ ആഴ്ചയിൽ രണ്ടുതവണയായി പൊതി വിതരണം മാറി. ഇനി എല്ലാ ദിവസവും ഭക്ഷണം കൊടുക്കണമെന്നുണ്ട്.
ആഹാരം മാത്രമല്ല, സേവനമായി നൽകുന്നത്
ആദിവാസി ഉൗരുകളിലും നമ്മുടെ നാട്ടിലെ ഉൾപ്രദേശങ്ങളിലുമൊക്കെ ഞങ്ങൾ സേവനവുമായി പോകാറുണ്ട്. ജനിച്ചിട്ട് ഇന്നുവരെ നാട് കാണാത്തവർ പോലും ആദിവാസികൾക്കിടിയിലുണ്ട്. അവർക്കൊരുപാട് പ്രശ്നങ്ങളുണ്ട്. വസ്ത്രം, മരുന്ന്, അരി ഉൾപ്പെടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ എന്നിവയൊക്കെ നൽകും.
അഭ്യുദയകാംക്ഷികളിൽ നിന്നാണ് സാധനങ്ങൾ ശേഖരിക്കുന്നത്. ഉപയോഗിച്ചതും അല്ലാത്തതുമായ വസ്ത്രങ്ങൾ ശേഖരിച്ച് ഉൾപ്രദേശങ്ങളിലും മറ്റുമുള്ളവർക്ക് എത്തിച്ചുകൊടുക്കും. ഒരു പിടി അരി, പലചരക്ക്, പച്ചക്കറി എന്നീ സാധനങ്ങൾ പലരിൽനിന്നായി ശേഖരിക്കും. ഇങ്ങനെ ശേഖരിച്ചു കിട്ടുന്നതെല്ലാം കൂട്ടി പായ്ക്കറ്റുകളാക്കി വിതരണം ചെയ്യും. അതുപോലെ വായിച്ചിട്ട് ഉപേക്ഷിക്കുന്ന പല ബുക്കുകളും മാഗസിനുകളും മറ്റും ശേഖരിച്ച് വൃദ്ധസദനത്തിലും അനാഥാലയങ്ങളിലും മറ്റും വായന ഇഷ്ടപ്പെടുന്നവരുടെ കൈകളിലെത്തിക്കും.
സ്ത്രീകളുടെ പ്രശ്നങ്ങൾ, കുട്ടികളുടെ പ്രശ്നങ്ങൾ, പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇടപെടാറുണ്ട്. മാസത്തിൽ ഒരിക്കൽ വൃദ്ധസദനം സന്ദർശിച്ച് അവരെക്കുറിച്ച് പഠിക്കും. അവർക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എത്തിച്ചുകൊടുക്കും. തെരുവിൽ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി അവരെ കുളിപ്പിച്ച് നല്ല വസ്ത്രവും മരുന്നും സുരക്ഷിതത്വവും കിട്ടാനുള്ള സാഹചര്യം ഒരുക്കും.
പണമായിട്ട് സഹായം വാങ്ങില്ല
തോട്ടം കാർഷിക കൂട്ടായ്മയെന്ന പേരിൽ സോഷ്യൽമീഡിയയിൽ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മ ഉണ്ട്. ഈ കൂട്ടായ്മ ഏറെ സഹായിക്കുന്നുണ്ട്. ഇതിലുള്ള കർഷകർ കൂടുതൽ വിളവുകിട്ടുന്പോൾ കാർഷിക ഉല്പന്നങ്ങൾ ഞങ്ങൾക്കു തരും. ഞങ്ങളത് ഭക്ഷണമുണ്ടാക്കാനായി എടുക്കും.
ഭക്ഷണത്തിന്റെ കൂടെ അര ലിറ്റർ വെള്ളവും കൊടുക്കുന്നുണ്ട്. ഇതു ഞങ്ങളുടെ സുഹൃത്ത് തീരെ വില കുറച്ച് ഞങ്ങൾക്ക് നൽകും. ഭക്ഷണമുണ്ടാക്കാനുള്ള അരിയും മറ്റുമൊക്കെ പലരും തരും. ഭക്ഷണം ഉണ്ടാക്കി പൊതിയാക്കി തരുന്നവരുമുണ്ട്. സാന്പത്തികമായി അങ്ങനെ വലിയ ബുദ്ധിമുട്ടില്ല. എല്ലാവരുടെയും സഹായം പലതുള്ളി പെരുവെള്ളമെന്ന നിലയിൽ കിട്ടും.
ആരെങ്കിലും പണം നൽകി സഹായിച്ചാൽ സ്വീകരിക്കില്ല. ആ പണത്തിന് നിങ്ങൾ ഭക്ഷണം വാങ്ങി തന്നാൽ മതിയെന്ന് അവരോട് സ്നേഹത്തോടെ പറയും. പണമായി സഹായം സ്വീകരിക്കുന്നതിനോട് താല്പര്യമില്ല.
നിരവധി ‘മധു’മാർ നമുക്കു ചുറ്റുമുണ്ട്
കൊല്ലപ്പെട്ട മധുവിനെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ അവശതയിൽ കഴിയുന്നവർ ഇന്ന് ആദിവാസി സമൂഹത്തിലുണ്ട്. അതൊന്നും സോഷ്യൽമീഡിയയിൽ വാർത്തയാകുന്നില്ല. മധുവിന്റെ സംഭവം പലരും രാഷ്ട്രീയമായിട്ടാണ് കാണുന്നത്. ഒരു പൊതിച്ചോർ പോലും ഇതുവരെ പാവങ്ങൾക്ക് വാങ്ങിക്കൊടുക്കാത്തവരാണ് ഇപ്പോൾ മധുവിന്റെ പേരിൽ ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ഇടുന്നത്.
ഏതാനും ദിവസം മുന്പ് പൊന്നാനിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നുവെന്ന് പറഞ്ഞുള്ള തെറ്റിദ്ധാരണയിൽ ഒരു വയോധികനെ ആളുകൾ ചേർന്ന് സംഘിടതമായി ആക്രമിച്ചു. ഇപ്പോൾ എഴുന്നേൽക്കാൻ പോലുമാകാതെ അദ്ദേഹം ആശുപത്രിയിൽ കിടക്കുന്നു. ഇതൊന്നും ആരും സോഷ്യൽമീഡിയയിൽ കാര്യമായി ഏറ്റെടുക്കുന്നില്ല.
നിങ്ങളാരാണ് ഇവരെ സഹായിക്കാൻ, നിങ്ങളെപ്പോലുള്ള ആളുകളാണ് ഇത്തരക്കാർക്ക് വളംവച്ചു കൊടുക്കുന്നത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തിയ പലരുമിപ്പോൾ സോഷ്യൽമീഡിയയിലൂടെ മധുവിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നതുകാണുന്പോൾ സങ്കടം തോന്നാറുണ്ട്.
മധുവിനെപ്പോലെ ഇനിയൊരാൾ ഉണ്ടാവാതിരിക്കാൻ എന്തു ചെയ്യണമെന്ന് ആരും ചിന്തിക്കുന്നില്ല. അതിനെക്കുറിച്ച് ചർച്ചയില്ല. പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക, അവർക്കിനി എന്താണ് ആവശ്യം എന്നു തിരക്കുക, അതനുസരിച്ച് പ്രവർത്തിക്കുക-ഇതാണ് വേണ്ടത്.
നിരവധിപ്പേർ സഹായിച്ചിട്ടുണ്ട്
പബ്ലിസിറ്റി ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ പബ്ലിസിറ്റി വന്നുചേരുകയാണ്. ടീം സ്ട്രീറ്റ് ലൈറ്റ് എന്ന കൂട്ടായ്മ വന്നതും ഒരുപാട് ആളുകൾ ഇതിന്റെ ഭാഗമായതും ഒരുപാട് പേർ സഹായിക്കാൻ മുന്നോട്ടു വന്നതുമൊക്കെ പലരും പറഞ്ഞും പ്രോത്സാഹിപ്പിച്ചും പബ്ലിസിറ്റി തന്നതുമൂലമാണെന്നും മറക്കുന്നില്ല.
പത്തുകാര്യങ്ങൾ ചെയ്യുന്പോൾ അതിൽനിന്നൊരു കാര്യമേ പബ്ലിസിറ്റി ചെയ്യാറുള്ളൂ. ഞാൻ ഇതിന്റെ നേതൃത്വത്തിൽനിൽക്കുന്നുവെന്നു മാത്രം. എന്നെ സഹായിക്കാൻ അഭിഭാഷകരും ഡോക്ടർമാരും അടക്കമുള്ള വലിയൊരു കൂട്ടരുണ്ട്. അവരാണ് ഞങ്ങളെ നിയന്ത്രിക്കുന്നത്.
ഞങ്ങളൊക്കെ സാധാരണ ജോലികളൊക്കെ ചെയ്യുന്നവരാണ്. ജോലിയോടൊപ്പം വേണം ഇത്തരം സേവനങ്ങൾ ചെയ്യാൻ. അല്പം മനസുണ്ടെങ്കിൽ നിങ്ങൾക്കും ഇതിനൊക്കെ കഴിയും. കേരളമൊട്ടുക്ക് ടീം സ്ട്രീറ്റ് ലൈറ്റ് വ്യാപിപ്പിക്കാനാണ് നീക്കം.