ന്യൂഡൽഹി: ക്യാപ്റ്റൻ എന്നു പറഞ്ഞാൽ അത് വിരാട് കോഹ്ലി ആണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ രവിശാസ്ത്രി. മുന്നിൽനിന്നു നയിക്കുന്ന കോഹ്ലിയേപ്പോലൊരു ക്യാപ്റ്റൻ ഉണ്ടെങ്കിൽ ടീമിലെ മറ്റ് അംഗങ്ങളിലേക്കും ആവേശവും കരുത്തും പടരുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്പ് ടീം അംഗങ്ങളോട് ഒന്നു മാത്രമാണ് പറഞ്ഞത്. അടുത്ത 18 മാസം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിർണായക കാലമാണ്. ടീമിന്റെ കരുത്ത് അറിയേണ്ട സമയം.
ഈ ടീമിൽ ശരിക്കും വിശ്വാസമർപ്പിക്കാം. ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞതോടെ 18 മാസം എന്നത് 15 ആക്കി കുറയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീം തോക്കുന്പോൾ ചിലർക്ക് സന്തോഷമുണ്ടാകാറുണ്ട്. എതിർ ടീം നന്നായി കളിക്കാത്തപ്പോൾ മാത്രമാണ് വിജയം വരുന്നതെന്നും രവിശാസ്ത്രി പറഞ്ഞു. ടീമിനെക്കുറിച്ച് ചിലർ നടത്തുന്ന വിമർശനത്തെ പരിഹസിച്ചായിരുന്നു ശാസ്ത്രി ഇങ്ങനെ പറഞ്ഞത്.