കോട്ടയം: നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റുകൾ നോക്കുകുത്തികൾ. 2013-14 വർഷം നാഗന്പടം, കോടിമത എന്നിവിടങ്ങളിൽ ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റുകൾ ഇപ്പോൾ കാടുകയറി നശിക്കുന്നു. വലിയ പ്രതീക്ഷയോടെയാണ് പദ്ധതി ആരംഭിച്ചത്. മാലിന്യം സംസ്കരിക്കുക മാത്രമല്ല ഇതിൽ നിന്ന് ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് തെരുവ് വിളക്ക് കത്തിക്കാമെന്നും പാചക വാതകമായി ഉപയോഗിക്കാമെന്നുമൊക്കെയായിരുന്നു പ്രതീക്ഷ.
പദ്ധതി ആരംഭിച്ച സമയത്ത് നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി, ഒപ്പം വഴിവിളക്കും തെളിക്കാം എന്ന തരത്തിലുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. എന്നാൽ ഒരു മാസം പോലും നല്ല രീതിയിൽ പ്രവർത്തിച്ചില്ല എന്നതാണ് വാസ്തവം. കോടിമതയിലും നാഗന്പടത്തും ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റിന് തുലച്ചത് 30 ലക്ഷത്തിലധികം രൂപയാണ്. ഇപ്പോൾ രണ്ടും പ്രവർത്തനരഹിതം.
നാഗന്പടത്ത് രണ്ടു ടണ് മാലിന്യം ദിനം പ്രതി സംസ്കരിക്കുമെന്നായിന്നു പ്രഖ്യാപനം. പക്ഷേ ഒരു മാസം പോലും പ്രവർത്തിച്ചില്ല. ഇപ്പോൾ കെട്ടിടവും യന്ത്ര സാമഗ്രികളും കാടുകയറി നശിക്കുകയാണ്. നാഗന്പടത്തെ കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. നഗരത്തിലെ മോഷ്ടാക്കളും മറ്റും ഒളിച്ചിരിക്കുന്നത് ഇവിടെയാണ്.
ഇതോടൊപ്പം പച്ചക്കറി മാർക്കറ്റിലും മത്സ്യ മാർക്കറ്റിലും ആരംഭിച്ച മാലിന്യ സംസ്കാരണ പ്ലാന്റുകളും നോക്കുകുത്തിയായി മാറി. പുതിയ പദ്ധതികൾ ആരംഭിച്ചാൽ അത് തുടർന്നു നടത്തിക്കൊണ്ടുപോകാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല എന്നതാണ് പ്രശ്നം. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിൽ മാത്രമാണ് ചിലരുടെ ശ്രദ്ധ. പദ്ധതികളുടെ തുടർ പ്രവർത്തന കാര്യത്തിൽ ആർക്കും ശ്രദ്ധയില്ല.