മാവേലിക്കര : പോലീസ് സ്റ്റേഷനിൽ പ്രതിയെ കാണുവാനെത്തിയ വനിതാ ജനപ്രതിനിധിയെ കൈയേറ്റം ചെയ്യാൻ എസ്ഐ ശ്രമിച്ചതായി പരാതി. മാവേലിക്കര പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച ഉച്ചക്ക് 12.45 നാണ് സംഭവം.
സിപിഎം നേതാക്കളായ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ശോഭാ രാജുവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.രാജുവും കണ്ണമംഗലത്ത് നാല് പേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ മനു എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത് അറിഞ്ഞാണ് സ്റ്റേഷനിൽ എത്തിയത്.
ഇവർ സെല്ലിൽ കിടക്കുന്ന മനുവിനെ കാണാൻ ശ്രമിച്ചു. ഇതിനിടയിൽ സ്റ്റേഷനിലേക്ക് കയറിവന്ന എസ്ഐ ജിജിൻ ജേക്കബ് ശോഭയോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന രാജുവിനെ എസ്ഐ, അസഭ്യം പറയുകയും പട്ടികജാതിക്കാരനെന്ന് അറിഞ്ഞു കൊണ്ടു തന്നെ ജാതി വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായും ഇവർ പറഞ്ഞു.
ശോഭയും രാജുവും പ്രതിയെ കാണുവാനും സംസാരിക്കാനുമായാണ് സ്റ്റേഷനിൽ എത്തിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയതാണെന്നും അയാളെ കാണുവാൻ സാധിക്കില്ലെന്നും എസ്ഐ പറഞ്ഞു. ഇതു കേട്ട് പ്രകോപിതരായ ശോഭയും, രാജുവും എസ്ഐയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയാണുണ്ടായതെന്ന് പോലീസും പറയുന്നു. കസ്റ്റഡിയിൽ വാങ്ങിയ മനു എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതുൾപ്പടെ നിരവധി കേസുകളിലെ പ്രതിയുമാണെന്നും പോലീസ് പറഞ്ഞു.