ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി, വിളപ്പില്‍ പഞ്ചായത്തില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപിക്ക് ജയം, മലപ്പുറത്ത് യുഡിഎഫിന്റെ തേരോട്ടം, ഫലങ്ങള്‍ നല്കുന്ന സൂചനകള്‍ ഇതൊക്കെ

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് നടന്ന രണ്ടാംഘട്ട ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി. സിപിഎമ്മില്‍ നിന്ന് യുഡിഎഫും ബിജെപിയും സീറ്റുകള്‍ പിടിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കണ്ണൂരില്‍ സിപിഎമ്മില്‍ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതും ശ്രദ്ധേയമായിട്ടുണ്ട്. പേരാവൂരിലെ ടൗണ്‍ വാര്‍ഡിലാണ് സിപിഎമ്മിന് അടിതെറ്റിയത്. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡിലാണ് സിപിഎമ്മിനെ അട്ടിമറിച്ച് ബിജെപി വിജയിച്ചത്.

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത് .110 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ആര്‍.എസ് അജിതകുമാരിയാണ് വിജയിച്ചത്. സിപിഎമ്മിലെ സുജാ സുരേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ കെ എസ് മിനിയാണ് മത്സരിച്ചത്. യുഡിഎഫിനു വേണ്ടി പി ലേഖയും മത്സരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്കായിരുന്നു ആര്‍.എസ് അജിത കുമാരി പരാജയപ്പെട്ടത്. ഈ വിജയത്തോടെ വിളപ്പില്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി. ഇടതു പക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ സിറ്റിംഗ് സീറ്റ് നഷ്ടമായത് സിപിഎമ്മിനു വലിയ തിരിച്ചടിയാണ് .

പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ യുഡിഎഫിലെ പൂക്കോത്ത് സിറാജാണ് 382 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിനെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1138 വോട്ടുകളില്‍ റഷീദിന് 360-ഉം പൂക്കോത്ത് സിറാജിന് 742 ഉം ബിജെപി സ്ഥാനാര്‍ഥി പി.കെ. ആനന്ദിന് അഞ്ചും സ്വതന്ത്ര സ്ഥാനാര്‍ഥി കെ.സിറാജിന് 31-ഉം വോട്ടുകളും ലഭിച്ചു. കൊടുവള്ളി നഗരസഭയില്‍ യുഡിഎഫ് ജയിച്ചു. മുസ്ലിം ലീഗിന്റെ സെറീന റഫീഖ് 97 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോട്ടയം മൂത്തോലി പഞ്ചായത്ത് 13-ാം വാര്‍ഡിലും യുഡിഎഫിനാണ് ജയം.

Related posts