പാലക്കാട്: തന്റെ മകൻ സഫീറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യംമാത്രമായിരുന്നുവെന്ന് പിതാവും മണ്ണാർക്കാട് നഗരസഭാ കൗണ്‍സിലർകൂടിയായ സിറാജുദ്ദീൻ. നിരന്തരം ഭീഷണിക്കൊടുവിലാണ് സഫീറിനെ ഒരുസംഘം സിപിഐ ഗുണ്ടകൾ കൊലപ്പെടുത്തിയത്. എന്നാൽ താൻ രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറയുന്ന ഒരുവീഡിയോ പ്രചരിക്കുന്നുണ്ട്.
അത് വാസ്തവ വിരുദ്ധമാണ്. താൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ ഒരുഭാഗം മാത്രമാണതിലുള്ളത്. ഒരുമകൻ നഷ്ടപ്പെട്ട പിതാവിന്റെ വേദന നിങ്ങൾ മനസിലാക്കണമെന്നും സിറാജുദ്ദീൻ പാലക്കാട്ട് വാർത്താസമ്മേളനത്തിൽ വിതുന്പലോടെ പറഞ്ഞു. മണ്ണാർക്കാട്ട് കുന്തിപ്പുഴയിൽ സി.പി.ഐയുടെ വളർച്ചക്ക് തടസം ഞാനും മകനുമാണെന്ന് സിപിഐ ഗുണ്ടകൾ പ്രചാരണം നടത്തിയിരുന്നു.
സാമൂഹ്യ വിരുദ്ധരുടെയും സി.പി.ഐ ഗുണ്ടകളുടെയും വിഹാര കേന്ദ്രമായ കുന്തിപ്പുഴയിലെ മത്സ്യമാർക്കറ്റ് അടച്ചുപൂട്ടാൻ നഗരസഭ കൗണ്‍സിലർ കൂടിയായ താൻ ശ്രമം നടത്തിയിരുന്നു. ഇതിന്റെ പകപ്പോക്കലാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് മാസങ്ങൾക്ക് മുന്‍പ് എനിക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായിട്ടുണ്ട്. വീട്ടിലേക്ക് ബോംബെറിഞ്ഞു, സഫീറിനെയും ആക്രമിച്ചിരുന്നു.
ഇതിനിടെ എന്റെ മൂത്ത മകനോട് സഫീറിനായി ഖബറൊരുക്കിവെക്കാൻ സി.പി.ഐ ഗുണ്ടകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് മുന്‍പ് കുന്തിപ്പുഴ മത്സ്യമാർക്കറ്റിലും മറ്റുയിടങ്ങളിലും സഫീറിനെ കൊലപ്പെടുത്താനായി ഗൂഢാലോചന യോഗം ചേർന്നതായി അറിയാൻ കഴിഞ്ഞു.
ഇപ്പോൾ പ്രതികളെന്ന് പേരിൽ പിടികൂടിയിരിക്കുന്നത്, സി.പി.ഐ ഗുണ്ടാസംഘത്തിന്റെ ബി ടീം ആണ്. എന്നാൽ കൊലചെയ്യാൻ ഇവർക്ക് നേതൃത്വം നൽകിയിരിക്കുന്നത് മണ്ണാർക്കാട്ടെ സി.പി.ഐ നേതൃത്വമാണ്. കുന്തിപ്പുഴയിലെ ഗുണ്ടാസംഘത്തെ മെന്പർഷിപ്പ് നൽകി സ്വീകരിച്ചത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. ഇദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ചവരും കൊലപാതകത്തിന് പിന്നിലുണ്ട്്.
കൊലചെയ്തവർ മാത്രമല്ല, തന്റെ മകനെ കൊല്ലാൻ ഗൂഢാലോചന നടത്തിയവരെയും പിടികൂടി മാതൃകാപരമായി ശിക്ഷിക്കമെന്നും സിറാജുദ്ദീൻ പറഞ്ഞു. മകന്റെ മരണശേഷം കുടുംബത്തിനും എനിക്കും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.