അവള്‍ എന്റെ പങ്കാളിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ മക്കള്‍ക്ക് എല്ലാമായിരുന്നു! ഞങ്ങളുടെ ജീവിതം ഒരിക്കലും പഴയതുപോലെയാവില്ല; ശ്രീദേവിയെക്കുറിച്ചുള്ള ഭര്‍ത്താവ് ബോണി കപൂറിന്റെ ഓര്‍മക്കുറിപ്പ് വൈറലാവുന്നു

അന്തരിച്ച ഭാര്യയും നടിയുമായ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബോണി കപൂര്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു. തനിക്കും രണ്ടു പെണ്‍മക്കള്‍ക്കും നേരിട്ട ദുരന്തത്തെക്കുറിച്ച് വാക്കുകളിലൂടെ വ്യക്തമാക്കുകയാണ് ബോണി. ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ബുധന്‍ രാത്രിയാണു ബോണിയുടെ കുറിപ്പ് എത്തിയത്.

ബോണിയുടെ കുറിപ്പില്‍ പറയുന്നതിങ്ങനെ…

ഒരു സുഹൃത്തും ഭാര്യയും എന്റെ രണ്ടു പെണ്‍മക്കളുടെ അമ്മയുമായ ആളുടെ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്. ഈ സമയം ഞങ്ങള്‍ക്കൊപ്പം പാറപോലെ ഉറച്ചുനിന്ന എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും അഭ്യുദയകാംക്ഷികളോടും ശ്രീദേവിയുടെ ആരാധകരോടും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.

അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്‌നേഹവും ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹപ്പെട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ എനിക്കും ഖുഷിക്കും ജാന്‍വിക്കും ആ പിന്തുണ അത്രമേല്‍ ശക്തമായ തൂണായിരുന്നു. ഒരു കുടുംബമായി ഈ തീരാനഷ്ടത്തെ ഞങ്ങള്‍ നേരിടാന്‍ ശ്രമിക്കുകയാണ്.

ഈ ലോകത്തിന് അവള്‍ ചാന്ദ്‌നിയായിരുന്നു. സമാനതകളില്ലാത്ത അഭിനേത്രി. അവരുടെ ശ്രീദേവി. എന്നാല്‍ എനിക്ക് അവളെന്റെ പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെണ്‍കുട്ടികളുടെ അമ്മയായിരുന്നു. എന്റെ പങ്കാളിയായിരുന്നു. എന്റെ മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു. അവരുടെ ജീവിതമായിരുന്നു. അവളെച്ചുറ്റിയാണു ഞങ്ങളുടെ കുടുംബം ചലിച്ചിരുന്നത്.

ഖുഷിയുടെയും ജാന്‍വിയുടെയും മമ്മയും എന്റെ പ്രിയ ഭാര്യയുമായിരുന്ന ശ്രീദേവിക്കു ഞങ്ങള്‍ വിടചൊല്ലുന്ന ഈ സമയം, എനിക്കു നിങ്ങളേവരോടും അഭ്യര്‍ഥനയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ശ്രീയെക്കുറിച്ചു നിങ്ങള്‍ക്കു സംസാരിക്കണമെങ്കില്‍ അതവരും നിങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേക സ്മരണകള്‍ വച്ചായിരിക്കട്ടെ.

ഒരിക്കലും പകരംവയ്ക്കാനാകാത്ത അഭിനേത്രിയാണ് അവര്‍. അക്കാര്യത്തില്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ തിരശീലയിടല്‍ ഉണ്ടാകില്ല, കാരണം അവരെന്നും വെള്ളിവെളിച്ചത്തില്‍ തിളങ്ങിക്കൊണ്ടിരിക്കും.

ഈ സമയത്തെ എന്റെ ഏക ആശങ്ക എന്റെ പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതും ശ്രീയില്ലാതെ മുന്നോട്ടുപോകാന്‍ വഴികണ്ടെത്തുക എന്നതുമാണ്. അവളായിരുന്നു ഞങ്ങളുടെ ജീവിതവും ശക്തിയും ഞങ്ങളുടെ ചിരിക്കു പിന്നിലെ കാരണവും. എല്ലാത്തിനും അപ്പുറം അവളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. നിത്യശാന്തി നേരുന്നു, എന്റെ പ്രണയിനി. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ല.

ബോണി കപൂര്‍.

 

Related posts