വടക്കഞ്ചേരി: വേനൽ കടുത്തതോടെ കാരയങ്കാട് സ്വദ്ദേശി മുഹമ്മദാലി എന്ന ചെറുപ്പക്കാരനെ തേടി ഫോണ് കോളുകളുടെ പ്രവാഹമാണ്. പാന്പ് പിടുത്തത്തിൽ അതിവിദഗ്ദ്ധനായ മുഹമ്മദാലിക്കിപ്പോൾ രാപകൽ വിശ്രമമില്ല. വിവിധ പ്രദ്ദേശങ്ങളിൽ നിന്നും പാന്പിനെ പിടിച്ച് തങ്ങളെ രക്ഷിക്കണെ എന്ന കോളുകളാണ് എപ്പോഴും.
കൊന്നഞ്ചേരിയിൽ ചുമട്ടുതൊഴിലാളിയായ ഈ 28 കാരന് ഇപ്പോൾ പാന്പ് പിടിക്കാനുള്ള ഫോൺകോൾമൂലം പണിക്ക് പോകാനും കഴിയുന്നില്ല. കോൾ വന്നാൽ പിന്നെ പണിയുടെ കാര്യമെല്ലാം മാറ്റി വെച്ച് പാന്പിനെ പിടികൂടാനിറങ്ങും. അത് എത്ര ദുര സ്ഥലമായാലും മുഹമ്മദാലി സ്ഥലത്ത് എത്തി പാന്പിനെ പിടികൂടി ചാക്കിലാക്കും.
പാന്പ് പിടുത്തം മുഹമ്മദാലിക്ക് ഒരു ഹരമാണ്. ഉഗ്രവിഷ സർപ്പമാണെങ്കിൽ താല്പര്യം കൂടും. പത്ത് വർഷത്തിനിടെ എണ്ണായിരത്തോളം വിഷപാന്പുകളെ പിടികൂടി കാട്ടിൽ വിട്ടിട്ടുണ്ടെന്നാണ് മുഹമ്മദാലിയുടെ ഏകദേശ കണക്ക്. ഇതിൽ രണ്ടു രാജവെന്പാലയുമുണ്ട്.ഒരു മാസം മുന്പ് രക്കാണ്ടിയിൽ നിന്നും പിടികൂടിയ രാജവെന്പാലയായിരുന്നു ഇതിലെ വലിയ ഇനം.16 കിലോ തൂക്കവും 12 അടി നീളവും ഈ സർപ്പ രാജനുണ്ടായിരുന്നതായി മുഹമ്മദാലി പറഞ്ഞു.
മൂർഖൻ പാന്പുകളാണ് പിടിയിലാകുന്നതിൽ കൂടുതലും. പിടിച്ച പാന്പുകളെ രണ്ടോ മൂന്നോ ദിവസം കൂടുന്പോൾ വനം വകുപ്പിന്റെ അനുമതിയോടെ നെല്ലിയാന്പതി കാട്ടിലാണ് വിടുക. കാട്ടിൽ തണുപ്പുള്ള പ്രദേശത്ത് ഇവയെ തുറന്ന് വിടും. ആഴ്ചകളിൽ ചിലപ്പോൾ രണ്ട് ഡസൻ പാന്പ് വരെ ഉണ്ടാകും. വീടുകൾക്ക് സമീപമുള്ള കല്ലിടുക്കുകൾ, കിണറുകൾ,കൊയ്യാൻ പാകമായ നെൽപാടങ്ങൾ, തോട്ടിൻകരകൾ തുടങ്ങിയ സ്ഥലങ്ങളിലാകും പാന്പ് കൂടുതലുണ്ടാവുക.
രാത്രികാലങ്ങളിൽ വീടുകൾക്കുള്ളിൽ പാന്പിനെ കണ്ട് സഹായം തേടിയുള്ള കോളുകളും ഏറേ വരും. അപകട സാധ്യതയുടെ തോതനുസരിച്ച് സ്ഥലത്ത് എത്തുന്നതിന്റെ വേഗത കൂടും. പാന്പുകളുടെ ശ്രദ്ധ തെറ്റിച്ച് കൈ കൊണ്ടാണ് ഏത് വിഷപാന്പിനേയും പിടിക്കുക.
ചെറിയൊരു അശ്രദ്ധ മതി അപകടമുണ്ടാകാൻ. പിതാവ് ബഷീറിന്റെ മരണശേഷമാണ് മുഹമ്മദാലി ഈ രംഗത്ത് സജീവമായത്. പിതാവ് ബഷീറും പ്രസിദ്ധ പാന്പ് പിടുത്തക്കാരനായിരുന്നു.ചെറുപ്പത്തിലെ പിതാവിനൊപ്പം പാന്പ് പിടിക്കാൻ പോയ പരിചയവും ധൈര്യവുമാണ് ഈ സേവനത്തിന് കരുത്തായത്.പാന്പ് കോൾ വന്നാൽ വനപാലകരും മുഹമ്മദാലിയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.