കുണ്ടറ: അഷ്ടമുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീദേവി ടീച്ചർ ആത്മഹത്യ ചെയ്തതിന്റെ പിന്നിലെ യഥാർഥ വസ്തുതകൾ നിഷ്പക്ഷമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ഗോപകുമാർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണത്തിന്റെ ഇരയാണ് ശ്രീദേവി ടീച്ചർ. വിദ്യാർഥികളെ നേർവഴിക്ക് നയിക്കാനുള്ള ധാർമിക ഉത്തരവാദിത്വം അധ്യാപകർക്കുണ്ട്. പൂർണമായും ഉത്തരവാദിത്വം നിറവേറ്റുന്ന അധ്യാപകരെ നിയമങ്ങളും ചട്ടങ്ങളും ദുർവ്യാഖ്യാനം ചെയ്ത് പ്രതിസ്ഥാനത്ത് നിർത്തി കുറ്റവിചാരണ ചെയ്യുന്നത് നീതീകരിക്കാനാകില്ല. സ്കൂളിലെ റിസൾട്ടിനെക്കുറിച്ച് പ്രിൻസിപ്പൽ ആശങ്കാകുലയായിരുന്നു എന്ന തരത്തിലുള്ള പ്രചരണം അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഖേദകരമാണെന്നും ഗോപകുമാർ പറഞ്ഞു.
അധ്യാപക നേതാക്കളായ പി.എസ്. ഗോപകുമാർ, ടി.ജെ. ഹരികുമാർ, ശ്രീരംഗം ശംഭു, പി.ആർ.ഗോപകുമാർ, എ. അനിൽകുമാർ, എം. ജയപ്രകാശ്, എസ്. കെ. ദീപു, എസ്. കെ. ദിലീപ്, ഷൈജു മാധവൻ, ശരത് ശശി എന്നിവർ പെരുന്പുഴയിലെ ടീച്ചറിന്റെ വീട്ടിലെത്തി.