ആലപ്പുഴ: ബൈക്ക്, കാറ് മത്സര ഓട്ടസംഘങ്ങളെ കുടുക്കാൻ വാട്്സ് ആപ് സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. 7025950100 എന്ന നന്പരിലേക്ക് ഇനി പൊതുജനങ്ങൾക്കു പരാതികൾ അറിയിക്കാം.
സംസ്ഥാനത്ത് എവിടെയെങ്കിലും ബൈക്കും കാറുകളും മത്സര ഓട്ടങ്ങൾ നടത്തുന്നതു ശ്രദ്ധയിൽ പെട്ടാലോ വിവരങ്ങൾ ലഭിച്ചാലോ ഈ നന്പർ വഴി മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം. വിവരങ്ങൾ അറിയിക്കുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
രാത്രിയിലും മറ്റും ബൈക്കുകളിലും കാറുകളിലും മത്സര ഓട്ടങ്ങൾ നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്തു വ്യാപകമാകുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണു ഇത്തരം സംഘങ്ങളെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ് പൊതുജന പങ്കാളിത്തത്തോടുകൂടി പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് മത്സര ഓട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ ചിത്രങ്ങളും വീഡിയോയും ഈ നന്പറിലേക്ക് അയയ്ക്കാം. അതോടൊപ്പം അവരുടെ ശ്രദ്ധയിൽപ്പെടുന്ന മറ്റു ഗതാഗത നിയമലംഘനങ്ങളും അറിയിക്കാം.
വാട്സ്ആപ് നന്പറിനൊപ്പം സംസ്ഥാനത്തുടനീളം ബൈക്കും കാറുകളും മത്സര ഓട്ടങ്ങൾ നടത്തുന്നതായി പരാതികൾ ലഭിച്ച റോഡുകളിൽ കാമറ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇങ്ങനെ പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയെടുക്കാനാണ് ആർടിഒ ഓഫീസർമാർക്കു നൽകിയിരിക്കുന്ന നിർദേശം.
ജയ്സണ് ജോയ്