മലപ്പുറം: കേരള കോണ്‍ഗ്രസിന്റെ അഴിമതി ആരോപണം തെളിയിക്കാൻ കാനത്തിന്റെ വെല്ലുവിളി. ആരോപണത്തിൽ തെളിവ് ഹാജരാക്കണമെന്നും മറുപടിയുടെ കാര്യം അപ്പോൾ ആലോചിക്കാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
നേരത്തെ, കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്തെത്തിയിരുന്നു. പൊന്തൻപുഴ വനം സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാൻ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം സ്റ്റീഫൻ ജോർജിന്റെ ആരോപണം.
കേസ് തോറ്റതിനെ സംബന്ധിച്ചുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.കേരള കോണ്‍ഗ്രസ്-എമ്മിനെ ഇടതു മുന്നണിയിൽ എടുക്കുന്നതിനെ കാനം രാജേന്ദ്രൻ ശക്തമായി എതിർക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ പാർട്ടി നേതൃത്വം ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.