വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാതയ്ക്കുള്ളിൽ പാറകൾ അടർന്നുവീണ് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് തുരങ്കപ്പാത നിർമാണം നടത്തുന്ന പ്രഗതി എൻജിനീയറിംഗ് കന്പനി അധികൃതർ പറഞ്ഞു. നിർമാണം പൂർത്തിയായി വാഹനങ്ങൾ കടത്തിവിടാൻ സജ്ജമാകുന്ന ഇടതു തുരങ്കപാത പൂർണമായും സുരക്ഷിതമാണ്.
പാതയുടെ സുരക്ഷ സംബന്ധിച്ച അന്തിമ പരിശോധനാ റിപ്പോർട്ടും ഇത് സാധൂകരിക്കുന്നതാണെന്നു കരാർ കന്പനി എംഡി കൃഷ്ണരാജു പറഞ്ഞു. നാഷണൽ ഹൈവേ അഥോറിറ്റിയാണ് പരിശോധനനടത്തി സുരക്ഷ ഉറപ്പാക്കേണ്ടത്. അത്തരത്തിലുള്ള പരിശോധനയും പൂർത്തിയായിട്ടുണ്ട്.
പാറകൾക്ക് ബലക്ഷയമുള്ള ഭാഗങ്ങളിൽ 25 എംഎം കനമുള്ള ഇരുന്പുദണ്ഡുകൾ അഞ്ചുമീറ്റർ താഴ്ചയിൽ അടിച്ചുകയറ്റി റോക്ക് ബോൾട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 14,000 റോക്ക് ബോൾട്ടുകൾ ഒരു തുരങ്കത്തിലുണ്ട്. ഇതിനുപുറമേ സ്റ്റീൽ റിബ്സ് ഘടിപ്പിച്ചും ഉറപ്പുകൂട്ടിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
ഇതുകൂടാതെ പാറകളിൽനിന്നു കിനിഞ്ഞുവരുന്ന വെള്ളം ഒഴുകിപ്പോകാൻ 112 റെയിൻ ഹോൾഡുകൾ സ്ഥാപിച്ചിട്ടുണ്ട്.കുതിരാൻ തുരങ്കപ്പാത പൂർണമായും നല്ല കരിങ്കൽ പാറകളാൽ ആവരണം ചെയ്യപ്പെട്ടതാണ്. എവിടേയും മണ്ണില്ല. ഇതുതന്നെ വലിയ വിജയമാണെന്നും തുരങ്കപ്പാതകളിൽനിന്നുള്ള അപ്രോച്ച് റോഡുകളിലാണ് അപകട സാധ്യതയുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.