കോട്ടയം: ഓട്ടോറിക്ഷ യാത്രക്കാരനെ ആക്രമിച്ചു പണവും ബാഗും തട്ടിയെടുത്തശേഷം വീടിനുസമീപം പുരയിടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുമ്മനം പാലത്തിങ്കൽ തോപ്പിൽ വിജയകുമാറിനെ (50)യാണ് ആക്രമിച്ച് 8000രൂപ തട്ടിയെടുത്തത്. കാലിന്റെ അസ്ഥി പൊട്ടിയ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗാന്ധിനഗർ പോലീസാണ് അന്വേഷണം നടത്തുന്നത്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സമീപത്തെ ചില സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. മദ്യപിച്ചെന്നു പറയുന്ന ബാറിലെ ദൃശ്യങ്ങളിൽനിന്നും തെളിവുകളൊന്നും ലഭിച്ചില്ല. വിജയകുമാറിന്റെ മൊഴിയിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കാർപെന്ററായ വിജയകുമാർ ജോലി കഴിഞ്ഞു വരുന്പോൾ ബുധനാഴ്ച രാത്രി 10നു കുമാരനല്ലൂരിൽ ബൈക്ക് കേടായി. ബൈക്ക് അവിടെവച്ച് ഓട്ടോയിൽ മെഡിക്കൽ കോളജ് ഭാഗത്തെത്തി. തുടർന്ന് ഓട്ടോ ഡ്രൈവറുമൊത്ത് ബാറിൽ കയറി മദ്യപിച്ചു.
തിരിച്ച് വീട്ടിലേക്കുപോകും വഴി മറ്റൊരാൾകൂടി ഓട്ടോയിൽ കയറി. വാഹനം മെഡിക്കൽ കോളജ് ബിഎസ്എൻഎൽ ഓഫീസിനു മുൻവശത്തെ റോഡിൽ എത്തിയപ്പോൾ ഓട്ടോ ഡ്രൈവറും സുഹൃത്തായ യാത്രക്കാരനും ചേർന്ന് വിജയകുമാറിനെ കന്പി വടിക്ക് അടിച്ചു.
കാലിന് ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ പിന്നീട് കുമ്മനത്ത് വീടിനു സമീപത്തെ പറന്പിൽ ഉപേക്ഷിച്ച് ഓട്ടോഡ്രൈവർ ബാഗും പണവുമായി കടന്നുവെന്നാണ് പരാതി.എഴുന്നേൽക്കാൻ കഴിയാതെ പുരയിടത്തിൽകിടന്ന വിജയകുമാർ മൊബൈൽ ഫോണിൽ വിളിച്ച് ഭാര്യയെ വിവരം അറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഭാര്യയും ബന്ധുക്കളുമെത്തി പുലർച്ചെയാണു വിജയകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്.