ബിജു ഇത്തിത്തറ
കടുത്തുരുത്തി: റോഡുകളും പാലങ്ങളും കിണറുകളും പണിത് ഗ്രാമങ്ങളിൽ വികസന വിപ്ലവമെത്തിച്ച വഴിയച്ചൻ എന്ന ഫാ. തോമസ് വിരുത്തിയിൽ ഓർമയായിട്ട് നാളെ പത്തു വർഷം. വിജയപുരം രൂപതയിൽ സേവനമനുഷ്ഠിച്ച അച്ചൻ കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1,600 കിലോമീറ്റർ റോഡുകൾ നിർമിക്കാൻ നേതൃത്വം നൽകി.
കല്ലറ-വെച്ചൂർ-ആലപ്പുഴ, ആയാംകുടി-ആപ്പാഞ്ചിറ, പെരുവ-മോനിപ്പള്ളി റോഡുകൾ അച്ചന്റെ നേതൃത്വത്തിൽ നിർമിച്ചതാണ്. അപ്പർ കുട്ടനാട്ടിൽ തുരുത്തുകളെ ബന്ധിക്കുന്ന നിരവധി റോഡുകളും പാലങ്ങളും അച്ചൻ പണിതു. കൊടുത്തുരുത്ത്, തോട്ടാപ്പള്ളി, പറവൻതുരുത്ത്, ചിത്തനാംകടവ്, നീണ്ടൂർ മാളിയേക്കൽ താഴെ പാലങ്ങൾ ഇതിൽപ്പെടും.
പെൻഡുലം ഉപയോഗിച്ചു നൂറുകണക്കിനു കിണറുകൾക്ക് ഇദ്ദേഹം സ്ഥാനം നിർണയിച്ചിട്ടുണ്ട്. ശാസ്ത്ര, പ്രകൃതി, പരിസ്ഥിതി സംബന്ധിയായ നാലു പുസ്തകങ്ങളും രചിച്ചു. നിരവധി ഭക്തിഗാന കാസറ്റുകളും തയാറാക്കിയിട്ടുണ്ട്. ജനകീയ റോഡുകളുടെ ശിൽപി എന്ന നിലയിൽ സ്വകാര്യ ബസുടമകൾ സൗജന്യ യാത്രാ പാസ് നൽകി ആദരിച്ചിരുന്നു.
ഗാന്ധിഗ്രാം അവാർഡ്, കത്തോലിക്കാ കോണ്ഗ്രസ് അവാർഡ്, ക്രിസ്ത്യൻ ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. നാളെ രാവിലെ 6.15നു മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ വികാരി നരിവേലിൽ മത്തായി കത്തനാരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണവും ഉണ്ടായിരിക്കും.