ആലപ്പുഴ: പാതിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹജാലകത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ ഭക്ഷണ ശാലയുടെയും അടുക്കളയുടെയും ഉദ്ഘാടനം നാളെ നടക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും സാന്ത്വന പ്രവർത്തകരും ഒന്നിച്ചിരുന്ന ഭക്ഷണം കഴിച്ചാണ് ഭക്ഷണശാല ഉദ്ഘാടനം നിർവഹിക്കുക.
ദേശീയ പാതയിൽ പാതിരപ്പള്ളിക്ക് സമീപം ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലയിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്പോൾ ക്യാഷ് കൗണ്ടറിലെ ബോക്സിൽ പണം നിക്ഷേപിക്കാം. പണമില്ലാതെ എത്തുന്നവർക്കും നിറഞ്ഞമനസോടെ ഈ ഭക്ഷണ ശാല അന്നമേകും. രണ്ട് നിലകളിലായി ഒരുക്കിയിരിക്കുന്ന ഭക്ഷണശാലയിൽ താഴെ സ്റ്റീം കിച്ചണും മുകളിൽ ഭക്ഷണം കഴിക്കുന്നതിനുമുള്ള സൗകര്യവുമാണുള്ളത്.
ഭക്ഷണശാലയ്ക്കു സമീപത്തുള്ള രണ്ടര ഏക്കറിലെ കൃഷി തോട്ടത്തിൽ നിന്നുമാണ് പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നത്. ഭക്ഷണശാലയിലെത്തുന്നവർക്ക് കൃഷിത്തോട്ടം സന്ദർശിക്കാനും പച്ചക്കറികൾ വാങ്ങാനുമുള്ള അവസരവും സ്നേഹജാലകം ഒരുക്കിയിട്ടുണ്ട്. പതിനൊന്നേകാൽ ലക്ഷം ചെലവഴിച്ച് ആധൂനിക സജ്ജീകരണങ്ങളോടുകൂടി സ്ഥാപിച്ച സ്റ്റീം കിച്ചണിൽ 200ൽ അധികം പേർക്ക് ഒരേസമയം ഭക്ഷണം പാകം ചെയ്യാൻ കഴിയും.
ആറു ലക്ഷം ചിലവഴിച്ച് ആധുനിക മാലിന്യ സംസ്കരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്നേഹജാലകത്തിന്റെ പ്രവർത്തന പരിധിയിലെ വീടുകളിലെ ആഘോഷങ്ങളിൽ ഭക്ഷണം സ്പോണ്സർ ചെയ്യുന്നതിനുള്ള സന്നദ്ധത ഫോറം മുഖേന പണം സമാഹരിച്ചാണ് ഭക്ഷണശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.
ഇതിനോടകം 22 ലക്ഷത്തിലധികം രൂപയ്ക്കുള്ള സന്നദ്ധതാഫോം ലഭിച്ചിട്ടുണ്ട്. ജനകീയ ഭക്ഷണശാലയ്ക്കു പുറമേ ജനകീയ ലബോറട്ടറിയും സ്നേഹജാലകത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഒരു വർഷം മുന്പ് സ്നേഹജാലകം ഏറ്റെടുത്ത വിശപ്പുരഹിത ഗ്രാമം പരിപാടിയുടെ ഭാഗമായാണ് ജനകീയ ഭക്ഷണശാല എന്ന ആശയം ഉടലെടുക്കുകയും പ്രായോഗികമാകുകയും ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.
പത്രസമ്മേളത്തിൽ സ്നേഹജാലകം ഭാരവാഹികളായ സി. ജയൻ തോമസ്, എൻ.പി. സ്നേഹജൻ, കെ.ഡി. മഹീന്ദ്രൻ, ആർ. റിയാസ് എന്നിവരും പങ്കെടുത്തു.