ടിജോ കല്ലറയ്ക്കൽ
മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ സെന്റ് തോമസ് കുരിശുമുടിയുടെ വികസനത്തിനായി ക്രിയാത്മകമായ ആശയങ്ങളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കിയ റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറാതെ നാടും നാട്ടുകാരും. വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും മനസിൽ മായാത്ത മുഖമായിരുന്നു അദ്ദേഹത്തിന്റേത്.
2011 ലാണു കുരിശുമുടിയുടെ റെക്ടറായി ഫാ. സേവ്യർ തേലക്കാട്ട് നിയോഗമേൽക്കുന്നത്. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും ആത്മീയശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കുരിശുമുടിയിലും അടിവാരത്തും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയത് ശ്രദ്ധേയമാണൈന്നു പ്രദേശവാസികൾ പറയുന്നു.
കാടിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ സുരക്ഷിതമായ മലകയറ്റത്തിനുള്ള സൗകര്യം ഒരുക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. പ്രതിസന്ധികൾ പലതുണ്ടായപ്പോഴും തളരാതെ എല്ലാവരെയും ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി കുരിശുമുടിയിൽ നിർമാണ, നവീകരണ പ്രവർത്തനങ്ങൾ നടത്തിയതു മലയാറ്റൂർ നിവാസികൾക്കു മറക്കാനാവില്ല.
തീർഥാടനകാലത്തു കുരിശുമുടിയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ നിരോധിച്ചു ‘പുണ്യം മലയാറ്റൂർ’പദ്ധതി നടപ്പാക്കിയതു സർക്കാർ ഏജൻസികളുടെയും പൊതുസമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റി.ഈ വർഷവും പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
അതിന്റെ ഭാഗമായി വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ആദ്യഘട്ട യോഗം കഴിഞ്ഞ ദിവസമാണു നടന്നത്. കുരിശുമുടിയിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിയും അച്ചന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടപ്പാക്കിയിരുന്നു. ഈ വർഷം ശുദ്ധമായ കുടിവെള്ളത്തിനു പുറമേ ചൂടുവെള്ളവും സുലഭമായി നൽകാനുള്ള തായാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും ഫാ. തേലക്കാട്ടിന്റെ ഇടപെടലുകൾ സജീവമായിരുന്നു. 2016ൽ എറണാകുളം ലോ കോളജിൽനിന്നു എൽഎൽബി ബിരുദം നേടി അജപാലന ശുശ്രൂഷയ്ക്കൊപ്പം അഭിഭാഷക വൃത്തിയും ചേർത്തുവച്ചപ്പോൾ നന്മയും നീതിയും തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസിൽ.
ആ നിറപുഞ്ചിരി ഇനിയില്ലെന്നു വിശ്വസിക്കാനാവാതെ ചേരാനല്ലൂർ ഗ്രാമം വിതുമ്പി
പെരുന്പാവൂർ: ബാല്യം മുതൽ ഫാ. സേവ്യർ തേലക്കാട്ടിന്റെ വളർച്ചയുടെ വഴികളെ സന്തോഷത്തോടും അഭിമാനത്തോടും ഹൃദയത്തിലേറ്റിയ ഈസ്റ്റ് ചേരാനല്ലൂർ ഗ്രാമം അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിൽ വിതുന്പി. ഒന്നാം വയസുമുതൽ നാട്ടുകാരുടെ മനസിലുള്ള ആ നിറപുഞ്ചിരി ഇനിയില്ലെന്നു വിശ്വസിക്കാൻ നാട്ടുകാർക്കും വീട്ടുകാർക്കുമാവുന്നില്ല.
ജനനം മലബാറിലെങ്കിലും ഒന്നാം വയസു മുതൽ ഈസ്റ്റ് ചേരാനല്ലൂരുകാരനാണു നാട്ടുകാരുടെ ബേബിയച്ചൻ എന്ന ഫാ. തേലക്കാട്ട്. പിതൃസഹോദരന്റെ കുടുംബത്തിൽ സ്നേഹവാത്സല്യങ്ങളേറ്റു വളർന്ന അദ്ദേഹം അയൽവാസികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവനായി.
ചേരാനല്ലൂർ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ചു. ഹൈസ്കൂൾ പഠനം കൂവപ്പടി സ്കൂളിലാണു പൂർത്തിയാക്കിയത്. കുട്ടിക്കാലം മുതലുള്ള ദൈവഭക്തിയും സ്നേഹവും അന്നത്തെ വൈദികജീവിതത്തിലേക്കുള്ള വഴി എളുപ്പമാക്കി.
നാടിനെയും നാട്ടുകാരെയും സ്നേഹിച്ചു വളർന്ന അച്ചനെ അറിയാത്ത ആരുംതന്നെ ചേരാനല്ലൂരിലില്ല. സമയം കിട്ടുന്പോഴൊക്കെ മലയാറ്റൂരിൽനിന്നു വീട്ടുകാരെയും നാട്ടുകാരെയും കാണാനും ക്ഷേമാന്വേഷണം നടത്താനും അച്ചൻ എത്താറുണ്ടായിരുന്നു. കഴിഞ്ഞമാസം വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണു നാട്ടുകർ അച്ചനെ അവസാനമായി കാണുന്നത്.