കൊല്ലം: സിറ്റി പോലീസ് ഓഫീസിലെ ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്തുതിനായി ഇന്നലെ മുതൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു. കേരളത്തിലെ ജില്ലാ പോലീസ് ആസ്ഥാനങ്ങളിൽ ആദ്യമായി കൊല്ലം സിറ്റി പോലീസ് ഓഫീസിലാണ് പഞ്ചിംഗ് മെഷീൻ സ്ഥാപിക്കുന്നത്. പ്രവർത്തന മികവിന് കൊല്ലം സിറ്റി പോലീസ് കാര്യാലയത്തിനു ഐഎസ്ഒ 9001 2015 പദവി ലഭിച്ചിരുന്നു.
പൊതുജനങ്ങൾക്കും പോലീസ് സേനാംഗങ്ങൾക്കും ലഭിക്കേണ്ട സേവനം മികവുറ്റ രീതിയിൽ കാര്യക്ഷമമായി നൽകിയതിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചതിനാലാണ് കൊല്ലം സിറ്റി ജില്ലാ പോലീസ് ഓഫീസിനു ഈ അംഗീകാരം നേടുന്നതിന് സാധ്യമായത്. ഓഫിസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുതിന്റെ ഭാഗമായാണ് പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചതെന്ന് സിറ്റി പോലീസ് മേധാവി ഡോ. ശ്രീനിവാസ് അറിയിച്ചു.
സിറ്റി പോലീസ് കാര്യാലയത്തിൽ ഇന്നലെ രാവിലെ 10 ന് സിറ്റി പോലീസ് കമ്മീഷണർ ഡോ. ശ്രീനിവാസ് പഞ്ചിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്പെഷൽ ബ്രാഞ്ച് എസിപി ഷിഹാബുദീൻ, കൊല്ലം സിറ്റി പോലീസ് ഭരണവിഭാഗം മേധാവി എസിപി രാജൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഹേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.