സന്തോഷ് പ്രിയൻ
കൊല്ലം: കൊല്ലത്തെ എംഎൽഎ എം.മുകേഷിന്റെ മകൻ ശ്രാവൺ അച്ഛനോടൊപ്പം ആദ്യമായി സിനിമയിൽ അഭിനയിച്ചതിന്റെ ത്രില്ലിലാണിപ്പോൾ. ദിവസങ്ങൾക്ക് മുന്പ് റിലീസ് ചെയ്ത കല്യാണം എന്ന സിനിമയിലൂടെയാണ് ശ്രാവൺ വളരെ വർഷങ്ങൾക്കുമുന്പ് മുതൽ കൊണ്ടു നടന്ന ആഗ്രഹം സഫലമാക്കിയത്.
തുടക്കക്കാരന്റെ പോരായ്മകൾ ഒട്ടും ഇല്ലാതെയാണ് ശ്രാവൺ ഈ സിനിമയിൽ നായകവേഷം മികച്ചതാക്കിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അച്ഛന്റെ കുടുംബവീടായ കൊല്ലം പട്ടത്താനം കിഴക്കേവീട് ഇപ്പോൾ ഉത്സവ ലഹരിയിലാണ്. നാടകാചാര്യൻ ഒ.മാധവന്റെ മൂന്നാം തലമുറയും അഭിനയകലയുടെ ഉത്തുംഗശ്രേണിയിലേക്കുള്ള കാൽവെയ്പ് നടത്തിക്കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് നാട്ടുകാരും.
അച്ഛനും അമ്മയും അച്ഛാച്ഛനും അച്ഛാമ്മയുമെല്ലാം വന്ന വഴിയേ സഞ്ചരിക്കണമെന്നായിരുന്നു ശ്രാവണിന്റെ കുട്ടിക്കാലം മുതൽക്കുള്ള ആഗ്രഹം. എന്നാൽ അച്ഛൻ മുകേഷും അമ്മ സരിതയും മകനോട് ആവശ്യപ്പെട്ടത് ആദ്യം പഠിത്തവും പിന്നെ ജോലിസന്പാദനവുമായിരുന്നു. അതിനുശേഷം മതി അഭിനയം എന്നായിരുന്നു അവരുടെ വാദം.
തന്റെ ആഗ്രഹം ഉള്ളിലൊതുക്കി ശ്രാവൺ മാതാപിതാക്കൾ പറഞ്ഞത് അനുസരിച്ചു. പഠിക്കുകയും ജോലി നേടുകയും ചെയ്തു. ഇപ്പോൾ ദുബായിൽ ഡോക്ടറാണ് ശ്രാവൺ. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം മാതാപിതാക്കളുടെ സമ്മതത്തോടെ പിന്നെ എത്തിച്ചത് രാജേഷ് നായർ സംവിധാനം ചെയ്ത കല്യാണത്തിലെ നായകനിലാണ്.
രാജേഷ്നായർ മുകേഷിനേയും സരിതയേയും കണ്ട ശേഷം ദുബായിൽ എത്തിയാണ് ശ്രാവണിനോട് സിനിമയുടെ കഥ പറയുന്നത്. സിനിമയിലെത്തിയെങ്കിലും തന്റെ പ്രഫഷൻ ഉപേക്ഷിക്കില്ലെന്നാണ് സിനിമാ പാരന്പര്യമുള്ള കുടുംബത്തിൽപ്പെട്ട ശ്രാവൺ പറയുന്നത്.
മുകേഷും ശ്രീനിവാസനും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
അച്ഛനോടും സുഹൃത്ത് ശ്രീനിവാസനോടൊപ്പവും അഭിനയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രാവൺ പറയുന്നു. സിനിമയിൽ ശ്രാവണിന്റെ അച്ഛനായി എത്തുന്നത് ശ്രീനിവാസനാണ്. അദ്ദേഹവും നല്ല പ്രോത്സാഹനം നൽകിയെന്നും ശ്രാവൺ പറയുന്നു.