തൃശൂർ: പ്രായപൂർത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തിയ കേസിൽ രണ്ടു പ്രതികൾക്ക് 21 വർഷം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും.
പ്രതികളായ കടപ്പുറം കോട്ടപ്പടി തെക്കൻവീട്ടിൽ ഫാറൂഖ് എന്ന മുഹമ്മദ് ഫാറൂഖ്(42), മണത്തല പുതിയറ ചാലിൽ ഹനീഫ(68) എന്നിവരെയാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. ബദറുദ്ദീൻ ശീക്ഷിച്ചത്. കേസിൽ മൂന്നാം പ്രതിയായ നിയാസ് കോടതിയിൽനിന്നു ജാമ്യം എടുത്തതിനുശേഷം ഒളിവിലാണ്.
2006ലാണ് കേസിനാസ്പദമായ സംഭവം. 16 വയസുള്ള പെണ്‍കുട്ടിയെ ഹനീഫയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും, പിന്നീട് മൂന്നു പ്രതികളും ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്.
തട്ടിക്കൊണ്ടു പോയതിന് ഏഴുവർഷം കഠിനതടവും 50,000 രൂപപിഴയും, പീഡനത്തിനു ശ്രമിച്ചതിന് ഏഴു വർഷം കഠിനതടവും, പ്രകൃതിവിരുദ്ധപീഡനത്തിന് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
പിഴസംഖ്യ ഇരയ്ക്ക് നൽകാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.