മാനന്തവാടി: വീടു നിർമിക്കാൻ ആകെയുളള അഞ്ച് സെന്റ് വയൽ നികത്തുന്നതിനു നിർധന കുടുംബം നൽകിയ അപേക്ഷയിൽ മൂന്നു വർഷം കഴിഞ്ഞിട്ടും അനുകൂല നടപടിയില്ല. ആറാട്ടുതറ ഇടവത്ത് മീത്തൽ സുമേഷ്-സൗമ്യ ദന്പതികളുടെ വീടെന്ന സ്വപ്നമാണ് ഇതോടെ പൊലിയുന്നത്.
താത്കാലിക ഷെഡിലാണ് ദന്പതികളും രണ്ട് കുട്ടികളും വർഷങ്ങളായി കഴിയുന്നത്. നഗരസഭ പിഎംഎ പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും സ്ഥലത്തിന്റെ അഭാവത്തിൽ എഗ്രിമെന്റ് വയ്ക്കാൻ കഴിഞ്ഞില്ല. നിയമതടസമില്ലാത്ത അഞ്ചുസെന്റ് സ്ഥലം വേറെ വാങ്ങാൻ ഇവർക്ക് നിവൃത്തിയുമില്ല.
വർക്ക്ഷോപ്പ് ജീവനക്കാരനായ സുമേഷിന്റെ പേരിൽ അഞ്ച് സെന്റ് സ്ഥലം ഉണ്ടെങ്കിലും അതും വയലാണ്. വീടുവയ്ക്കുന്നതിനായി സൗമ്യയുടെ പേരിലുള്ള അഞ്ച് സെന്റ് വയൽ നികത്തുന്നതിനു അനുമതി തേടി കൃഷി ഭവനിലാണ് അപേക്ഷ നൽകിയത്. കൂടാതെ നിരവധി സർക്കാർ ഓഫീസുകളിലും ദന്പതികൾ കയറിയിറങ്ങി.
ആവശ്യമായ രേഖകൾ ഹാജരാക്കിയെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ പരിഗണിക്കാൻപോലും റവന്യൂ ഓഫീസുകളിലെ ഉദ്യോഗസ്ഥർ തയാറായില്ല. ഇതേക്കുറിച്ച് അന്വേഷിക്കാൻ സബ് കളക്ടറുടെ കാര്യാലയത്തിൽ എത്തിയപ്പോൾ ജീവനക്കാർ മോശമായി പെരുമാറിയെന്നും സുരേഷ് പറഞ്ഞു.
ഇവർ താമസിക്കുന്ന ഷെഡിനു മുനിസിപ്പാലിറ്റി നന്പർ അനുവദിച്ചിട്ടില്ല. അതിനാൽ റേഷൻ കാർഡും ഗ്യാസ് കണക്ഷനും കുടുംബത്തിനു ലഭിക്കുന്നില്ല. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമവും കേരള ഭൂവിനിയോഗ നിയമവും മറ്റും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ അപേക്ഷ നിരസിക്കുന്നതെന്ന് സൗമ്യ പറഞ്ഞു.