ഏറ്റുമാനൂർ: മരുമകൻ ചീത്ത കൂട്ടുകെട്ട് അവസാനിപ്പിക്കണം. അമ്മാവൻ ഒന്നുപദേശിച്ചു. ഉപദേശം സുഖിക്കാഞ്ഞ മരുമകൻ അമ്മാവൻ ഇനി ഒരിക്കലും ഉപദേശിക്കാൻ ഭയക്കുന്ന പണി കൊടുത്തു. കൂട്ടുകാരുമൊത്ത് മാരകായുധങ്ങളുമായെത്തിയ മരുമകൻ അമ്മാവന്റെ വീട് കല്ലെറിഞ്ഞും അടിച്ചും തകർത്തു. വീടിന്റെ ജനാലച്ചില്ലുകൾ മുഴുവൻ തകർന്നു. നീണ്ടൂർ സ്വദേശി ബാബുവിനാണു സഹോദരിയുടെ മകനെ ഉപദേശിച്ചു പണി കിട്ടിയത്.
നീണ്ടൂർ പഞ്ചായത്ത് കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങളുടെ താവളമായി മാറിയിട്ടു നാളേറെയായി. ഇതോടെ അടിക്കടി സംഘർഷങ്ങളും ഉണ്ടാകുന്നു. മാഫിയ സംഘങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ നീണ്ടൂരിൽ ഏറെയാണ്. ആൾതാമസമില്ലാത്ത വീടുകളും ഒറ്റപ്പെട്ട വിജനമായ സ്ഥലങ്ങളും ഏറെയുള്ളതു ഇക്കൂട്ടർക്കു സൗകര്യമാകുന്നു. വെളിയിൽനിന്നു ചെറുപ്പക്കാരുടെ ഒട്ടേറെ സംഘങ്ങൾ നീണ്ടൂരിലെത്തുന്നുണ്ട്.
ചെറുപ്പക്കാരും സ്കൂൾ കുട്ടികൾ വരെയും കഞ്ചാവിനും മയക്കുമരുന്നിനും വളരെവേഗം അടിപ്പെടുകയാണ്.നീണ്ടൂരിൽ തഴച്ചു വളരുന്ന കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് കോട്ടൂർ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറെ മാസങ്ങളായി കഞ്ചാവ്, മയക്കുമരുന്ന് മാഫിയ നീണ്ടൂരിൽ സജീവമാണ്. പല കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിൽപോലും ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നില്ല. താഴെത്തട്ടിൽ കേസ് രജിസ്റ്റർ ചെയ്യുന്നതോടെ നടപടികൾ അവസാനിപ്പിക്കുകയാണ്. പിടിക്കപ്പെടുന്നവർക്ക് കഞ്ചാവ് എവിടെനിന്ന് ലഭിക്കുന്നു എന്ന് അന്വേഷിക്കുന്നില്ല.
ജാമ്യത്തിൽ ഇറങ്ങുന്നവർ വീണ്ടും വീണ്ടും കുറ്റം ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഈ മാഫിയക്കെതിരെ ശബ്ദിച്ചാൽ പറയാൻകാലാ കരോട്ട് ബാബുവിന് ഉണ്ടായ അനുഭവമായിരിക്കും കാത്തിരിക്കുക. വളർന്നു വരുന്ന തലമുറയുടെ ഭാവി തകർക്കുന്ന കഞ്ചാവ്, മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിനു ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ്, എക്സൈസ് അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ല