കേവലമൊരു കൊച്ചു സംസ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകള്‍ ഇത്രമാത്രം സൂക്ഷ്മതയോടെ അരിച്ചിറങ്ങിയത് എന്തിനാകാം. രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉത്തരത്തിന് അലയേണ്ടതില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസാണ് പ്രതിപക്ഷമെങ്കില്‍ ആശയപരമായി ആ കടമ നിര്‍വഹിക്കുന്നത് പലപ്പോഴും ഇടതു പാര്‍ട്ടികളാണ്. രാജ്യത്ത് അവശേഷിക്കുന്ന ചുവന്ന തുരുത്തുകളിലൊന്നായ ത്രിപുരയെ കാവിയണിയിക്കേണ്ടത് അതുകൊണ്ട് തന്നെ ബിജെപിക്കും മോദിക്കും അനിവാര്യമായിരുന്നു. ഇപ്പോള്‍ ത്രിപുരയും കൈപ്പിടിയിലായചതോടെ 20 സംസ്ഥാനത്തും ബിജെപിയോ അവരുടെ സഖ്യകക്ഷികളോ ഭരിക്കുന്ന സ്ഥിതി വിശേഷമായി.
എന്തുകൊണ്ട് സിപിഎം വീണു
സാക്ഷരതയിലും ജീവിത നിലവാരത്തിലും മാതൃകയാണെങ്കിലും ത്രിപുരയില്‍ തൊഴിലില്ലായ്മ വളരെയധികമായിരുന്നു. പരമ്പരാഗത തൊഴിലവസരങ്ങളെ മാത്രം വളര്‍ത്തുന്ന നിലപാടായിരുന്നു മണിക് സര്‍ക്കാരിന്റേത്. കൃഷിയും സര്‍ക്കാര്‍ ജോലിയും മാത്രമായിരുന്നു ജനങ്ങളുടെ തൊഴിലിനു വേണ്ടിയുള്ള ആശ്രയം. പലപ്പോഴും യുവജനങ്ങള്‍ ഇതില്‍ അസംതൃപ്തരായിരുന്നു. പ്രത്യേകിച്ച് യുവജനങ്ങള്‍. സിപിഎം ഭരണത്തില്‍ ജനങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്ര തൃപ്തരല്ലായിരുന്നു. എന്നാല്‍ ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവം കഴിഞ്ഞ പത്തുവര്‍ഷവും മണിക് സര്‍ക്കാരിന് തുണയായി. ഒപ്പം മണിക്കിന്റെ ലളിത ജീവിതവും.
മോദി പ്രഭാവം
ത്രിപുരയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും എടുത്തു കാണിച്ചില്ല. അല്ലെങ്കില്‍ തന്നെ അങ്ങനെ ഉയര്‍ത്തി കാണിക്കാന്‍ പറ്റിയ നേതാക്കന്മാരും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പ്രചരണത്തിന്റെ ചുമതല നേരിട്ട് കേന്ദ്രഘടകം നിയന്ത്രിച്ചു. മോദിയുടെ ജനപ്രീതി പരമാവധി മുതലെടുക്കുന്നതില്‍ ബിജെപി വിജയിക്കുകയും ചെയ്തു. സിപിഎം യോഗങ്ങള്‍ക്ക് എത്തിയതിന്റെ ഇരട്ടിയോളം ആളുകള്‍ മോദിയുടെ റാലികള്‍ക്ക് എത്തിയപ്പോഴും സര്‍ക്കാര്‍ രക്ഷിക്കുമെന്ന ആലസ്യം തന്നെയായിരുന്നു സിപിഎമ്മിന്. ഇത് ഒടുവില്‍ വിനയാകുകയും ചെയ്തു.
നിങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് നോക്കൂ. അവിടെയെല്ലാം യുവാക്കള്‍ നല്ല തൊഴില്‍ ചെയ്തു പണം സമ്പാദിക്കുന്നു- റാലികളില്‍ മോദി യുവാക്കളുടെ സര്‍ക്കാര്‍ വിരുദ്ധതയെ, തൊഴിലില്ലായ്മയെ പരമാവധി ഊതി കത്തിച്ചു. സോഷ്യല്‍ മീഡിയയെ അതിന്റെ എല്ലാ അര്‍ഥത്തിലും ബിജെപി ഉപയോഗിച്ചപ്പോള്‍ സിപിഎമ്മിന്റെ അഗര്‍ത്തലയിലെ പഴയ പാര്‍ട്ടി ഓഫീസില്‍ ഇന്റര്‍നെറ്റ് കണക്ഷന് പോലും പലപ്പോഴും കമ്മിയായിരുന്നു. ത്രിപുരയില്‍ ഇത്തവണ ബിജെപി അധികാരം പിടിച്ചതില്‍ നോട്ടുകെട്ടുകള്‍ക്കും ഒരു പങ്കുണ്ട്. കോടികളാണ് ത്രിപുരയില്‍ ചെലവിട്ടത്. റാലികള്‍ക്ക് വന്നവര്‍ക്ക് വയറു നിറച്ച് ഭക്ഷണം നല്കി. പണം നല്കി നേതാക്കളെ വശത്താക്കി.