കോന്നി: പാലം വീതി കൂട്ടി പുനർനിർമിച്ചെങ്കിലും അപകട ഭീഷണി ഒഴിയുന്നില്ല. കോന്നി വെട്ടൂർ റോഡിൽ അട്ടച്ചാക്കൽ അയ്യപ്പ മണ്ഡപത്തിന് സമീപം ചെങ്ങറത്തോടിന് കുറുകെയുള്ള പാലമാണ് അപകടക്കെണിയാകുന്നത്.
നിലവിലുണ്ടായിരുന്ന പാലത്തിന്റെ ഒരു വശത്ത് മാത്രമാണ് വീതി വർധിപ്പിച്ചത്. ഇതിനനുസരിച്ച് റോഡിന്റെ ദിശ മാറ്റാത്തതും പാലത്തിന്റെ പുതിയ ഭാഗവും റോഡും തമ്മിലുള്ള ഉയര വ്യത്യാസവുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.
വേഗത്തിലെത്തുന്ന വാഹനങ്ങൾ പാലത്തിന്റെ അടുത്തെത്തുമ്പോൾ നിരപ്പ് വ്യത്യാസം മനസിലാക്കി വെട്ടിത്തിരിക്കുന്നതാണ് പലപ്പോഴും അപകടങ്ങളുടെ പ്രധാന കാരണം. വാഹനങ്ങൾ കയറ്റാൻ മടിക്കുന്നതിനാൽ കാൽനട യാത്രക്കാർ മാത്രമാണ് പാലത്തിന്റെ പുനരുദ്ധരിച്ച ഭാഗം ഉപയോഗിക്കുന്നത്.
മൂന്നു വർഷം മുന്പാണ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പാലത്തിന്റെ വീതി വർധിപ്പിച്ചത്. 100 വർഷത്തോളം പഴക്കമുള്ള പാലത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തിയതിനാൽ ഒരു ഭാഗത്ത് വീതി കൂട്ടി പുതിയ നിർമിതി നടത്തുകയായിരുന്നു.
ഏറെ ഇടുങ്ങിയ പഴയപാലത്തിന് വീതി കൂടിയെങ്കിലും ഫലത്തിൽ പ്രയോജനം ഇല്ലാത്ത സ്ഥിതിയാണ്. പാലത്തിൽ കൂടി ടെലഫോൺ കേബിളുകൾ കടന്നു പോകുന്ന പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതും ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുന്നു. കോന്നി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആഞ്ഞിലികുന്ന് ഇറക്കം ഇറങ്ങി കൊടും വളവ് തിരിഞ്ഞാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്.
അപകട സാധ്യതയേറിയ മേഖലയിൽ അശാസ്ത്രീയ നിർമാണം കൂടുതൽ ഭീഷണിയാകുന്നു. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും പൊതുമരാമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
നിർദിഷ്ട കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് കുമ്പഴയിൽ നിന്നും നേരിട്ടെത്താനുള്ള പ്രധാന പാതയാണിത്. റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് നവീകരിച്ചിട്ടുമുണ്ട്.