മൂവാറ്റുപുഴ: ഐരാപുരത്തുള്ള സ്വകാര്യ കോളജിൽ വിദ്യാർഥിനിക്കുനേരേ സഹപാഠികളായ ആൺകുട്ടികളുടെ ഉപദ്രവം. ഇന്നലെ കോളജിൽ നടന്ന ഹോളി ആഘോഷത്തോടനുബന്ധിച്ചാണ് സംഭവം. സംഘമായി ചേർന്ന് വെള്ളത്തിൽ മുക്കിപ്പിടിച്ചെന്നും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമാണ് ആലപ്പുഴ സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതി.
മൂവാറ്റുപുഴയിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചാണ് പെൺകുട്ടി പഠിക്കുന്നത്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് മൂന്നു സഹപാഠികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശത്തുള്ള പെണ്‍കുട്ടിയുടെ പിതാവാണ് ഫോണിൽ വിളിച്ച് പോലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ വനിതാ പോലീസ് ഹോസ്റ്റലിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. തുടർന്നു സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നഗരത്തിൽ വെള്ളൂർക്കുന്നം ബൈപ്പാസിൽനിന്നാണ് ഇവർ പിടിയിലായത്. മൂവാറ്റുപുഴ, മാറാടി സ്വദേശികളാണ് പിടിയിലായ വിദ്യാർഥികൾ. ഇന്നലെ കോളജിൽ നടന്ന ആഘോഷത്തിനിടെ ദേഹത്തെ ചായം കഴുകാനെന്ന പേരിൽ സമീപത്തെ തോട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇവിടെ നിന്നു കുതറിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പ്രതികളെ പട്ടിമറ്റം പോലീസിന് കൈമാറുമെന്ന് മൂവാറ്റുപുഴ പോലീസ് അറിയിച്ചു.
…