പിറവം: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ചുള്ള ആന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മിഷേൽ മരിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്ന നാളെ പിറവത്ത് അനുസ്മരണ സമ്മേളനവും പ്രതിഷേധ സംഗമവും നടക്കും.
കച്ചേരിപ്പടിക്ക് സമീപമുള്ള ഹോസ്റ്റലിൽ നിന്നും കലൂർ പള്ളിയിലേക്ക് പോയ മിഷേലിനെ പിറ്റേദിവസം കായലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പള്ളിയിലെത്തി പ്രാർഥനയ്ക്ക് ശേഷം പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മിഷേൽ തിരിച്ചെത്താത്തിനെത്തുടർന്ന് മാതാപിതാക്കളെ ഹോസ്റ്റർ അധികൃതർ വിവരമറിയിച്ചിരുന്നു.
ഇവർ രാത്രിയിലെത്തി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഇവിടെ നിന്നും നീതിപൂർവമായ സമീപനമുണ്ടായിരുന്നില്ലെന്ന് പറയുന്നു. പിന്നീട് ഇതു സംബന്ധിച്ച് നിരവധി വിവാദങ്ങളുയരുകയും ചെയ്തിരുന്നു. കായലിൽ നിന്നും മൃതദേഹം ലഭിച്ച ഉടൻതന്നെ പോലീസ് ആത്മഹത്യയാണന്ന് വിധിയെഴുതിയതും പ്രശ്നങ്ങൾക്ക് കാരണമായി.
കേസ് പിന്നീട് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചുവെങ്കിലും ഇവരും ആത്മഹത്യയാണന്നുള്ള നിലപാടിലേക്കാണ് എത്തിയത്. എന്നാൽ മരണം സംബന്ധിച്ച് കുടുംബാഗങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരാളെ നിയമിച്ചതും തുടർ അന്വേഷണങ്ങൾക്ക് തടസമായതായി ബന്ധുക്കൾ ആരോപിക്കുന്നു.
കായലിൽ ചാടി ആത്മഹത്യ ചെയ്തതാണങ്കിൽ 24 മണിക്കൂറോളം വെള്ളത്തിൽ കിടന്നതിന്റെ സാധ്യതകളൊന്നും മിഷേലിന്റെ ശരീരത്തിൽ കാണാനുണ്ടായില്ല. കൂടാതെ മിഷേലിന്റെ ബാഗ്, മൊബൈൽ ഫോണ് തുടങ്ങിയ സാധനങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല. ഇതുമായി ബന്ധപ്പെട്ട് മിഷേലുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന പിറവം സ്വദേശിയായ ക്രോണ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
യുവാവിന്റെ നിരന്തരമായ ശല്യം നിമിത്തമാണ് മിഷേൽ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ബന്ധുക്കൾ പോലീസിന്റെ ഈ വാദം അംഗീകരിക്കുന്നില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും മിഷേൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും, കാണാതാവുന്നതിന് മുന്പ് വീട്ടിലേക്ക് ഫോണ് ചെയ്യുകയും, വളരെ സന്തോഷവതിയായാണ് സംസാരിച്ചതെന്നും പിതാവ് ഷാജി പറയുന്നു.
നാളെ രാവിലെ പത്തിന് പിറവത്ത് പള്ളിക്കവലയിൽ നടക്കുന്ന യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിക്കും.