അങ്കമാലി: തുറവൂരിൽ പുതുതായി ആരംഭിക്കുന്ന ഗവ. ഐടിഐയുടെ പ്രാരംഭപ്രവർത്തനങ്ങൾ വിലയിരുത്താൻ റോജി എം. ജോണ് എംഎൽഎ, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, ഐടിഐ നോഡൽ ഓഫീസർ കെ.എ, ആബിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഐടിഐ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ പുതുതായി അഞ്ച് ഐടിഐകൾ സ്ഥാപിക്കാൻ പ്രഖ്യാപനം ഉണ്ടായതിൽ അങ്കമാലിയും ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം തന്നെ അങ്കമാലിയിൽ ഒരു ഗവ. ഐടിഐ സ്ഥാപിക്കണമെന്ന് എംഎൽഎ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐടിഐ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഇതെത്തുടർന്ന് തുറവൂർ പഞ്ചായത്തിലെ മൂന്നേക്കറോളം വരുന്ന റവന്യു ഭൂമി ഐടിഐ സ്ഥാപിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ സംബന്ധിച്ച് ആർഡിഒ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സ്ഥലം നൽകുന്നതിനെ സംബന്ധിച്ച് തുറവൂർ ഗ്രാമപഞ്ചായത്തും അനുകൂലമായ തീരുമാനം സർക്കാരിലേക്ക് നൽകിയിരുന്നു.അടിയന്തരമായി താത്ക്കാലിക കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കി അടുത്ത അധ്യയന വർഷത്തിൽ തന്നെ ക്ലാസ് ആരംഭിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.
തുടക്കത്തിൽ നാല് ട്രേഡുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി തുറവൂർ പഞ്ചായത്തിന്റെ കൈവശമുള്ള കെട്ടിടങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കെട്ടിടങ്ങളും സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി.
ഭൂമി വിട്ടുകിട്ടിയാൽ ഉടൻ തന്നെ ഐടിഐയ്ക്ക് ആവശ്യമായ സ്വന്തം കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും, കൂടുതൽ ട്രേഡുകൾ ഉൾപ്പെടുത്തി ഐടിഐ എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള നടപടികൾ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കുമെന്നും റോജി എം. ജോണ് എംഎൽഎ കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സിൽവി ബൈജു, പഞ്ചായത്തംഗങ്ങളായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജയ്സണ്, ടി.ടി. പൗലോസ്, ബിന്ദു വൽസൻ, കോണ്. മണ്ഡലം പ്രസിഡന്റ് ബി.വി. ജോസ്, മുൻ പഞ്ചായത്തംഗം വി.വി. വിശ്വനാഥൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. രാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.