കളമശേരി: ജാമ്യം നിന്നതിന് വീട് ജപ്തി ചെയ്തതിനെ തുടർന്ന് നിരാഹാരം അനുഷ്ഠിക്കുന്ന വീട്ടമ്മയെ കാണാൻ സാമൂഹ്യ പ്രവർത്തക മേധാപട്കർ എത്തി. ഇടപ്പള്ളി മാനാത്ത്പാടത്ത് വീട്ടിൽ പ്രീത ഷാജിയുടെ സമരപന്തൽ സന്ദർശിച്ച് സമര നായിക പ്രവർത്തകർക്ക് ആവേശം പകർന്നു. മാർച്ച് 8 വനിതാ ദിനം അടുത്തു കൊണ്ടിരിക്കെ ഒരു സ്ത്രീയുടെ സമരം നേരമ്പോക്കായി സർക്കാർ കാണരുതെന്നും മേധാപട്കർ മുന്നറിയിപ്പ് നൽകി.
ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ തയാറാവണമെന്നും സാമൂഹ്യ പ്രവർത്തക മേധാപട്കർ ആവശ്യപ്പെട്ടു. സമരങ്ങൾ അക്രമാസക്തമാകാതെ നോക്കാൻ സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. സാമ്പത്തിക വിദഗ്ദർ ഉൾപ്പെടുന്ന ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളണം. രണ്ടു ലക്ഷം രൂപ 2 കോടിയായതെങ്ങിനെയെന്ന് വിശദമാക്കണം.
സർഫാസി നിയമം ജനവിരുദ്ധമാണ്. ബാങ്കിംഗ് നിയമങ്ങൾ പൊളിച്ചെഴുതണം. ഇതിനെതിരെ ജനവിരുദ്ധ വികാരം ഉയർന്നു വരണം. സംസ്ഥാന ധനകാര്യ മന്ത്രിയോട് ഈ കാര്യം സംസാരിക്കുമെന്നും ദേശീയ തലത്തിലേക്ക് ഈ വിഷയം എത്തിക്കാൻ സംഘടന പ്രശ്നം ഏറ്റെടുക്കുമെന്നും മേധാ പറഞ്ഞു.
പ്രീതയുടെ ആരോഗ്യനില പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയാണ് മേധാപട്കർ സമരപ്പന്തൽ വിട്ടത്. കഴിഞ്ഞ 14 ദിവസമായി പ്രീത നിരാഹാര സമരത്തിലാണ്. 240 ദിവസത്തെ സമരത്തിന് ശേഷമാണ് നിരഹാര സമരം ആരംഭിച്ചത്.