കരിയര്‍, ഭര്‍ത്താവ്, മക്കള്‍ എന്നിവയാണ് അന്തരിച്ച നടി ശ്രീദേവി തന്റെ ജീവനും ജീവിതവുമായി കരുതിയിരുന്നത്. മകള്‍ ജാന്‍വിയുടെ സിനിമാപ്രവേശമായിരുന്നു ഏതാനും നാളുകളായി ശ്രീദേവിയുടെ മനസില്‍ മുഴുവനെന്ന് അവരുമായി അടുപ്പമുള്ള പലരും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീദേവിയുടെ മൃതദേഹത്തിന് മുന്നില്‍ കരഞ്ഞുതളര്‍ന്ന് നിസഹായരായി നിന്ന ജാന്‍വിയുടെയും ഖുഷിയുടെയും മുഖം ശ്രീദേവിയുടെ ആരാധകരെ മുഴുവന്‍ ഈറനണിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരെ വീണ്ടും ദുഖത്തിലാഴ്ത്തുന്ന തരത്തില്‍ ശ്രീദേവിക്ക് മകള്‍ ജാന്‍വിയുടെ ഹൃദയം തൊടുന്ന കുറിപ്പ്.
രാമേശ്വരത്ത് നടന്ന ചിതാഭസ്മ നിമഞ്ജനത്തിന് ശേഷം ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ആരാധകരുടെയും കണ്ണു നിറച്ചത്. എന്റെ ഉള്ളില്‍ എന്നെ കാര്‍ന്നു തിന്നുന്ന ഒരു ശൂന്യതയുണ്ട്. ഇനിയുള്ള കാലം ഞാന്‍ പൊരുത്തപ്പെട്ടു ജീവിക്കേണ്ട ഒന്ന്. എന്നാല്‍ ആ ശൂന്യതയില്‍ ഇപ്പോഴും എനിക്ക് അമ്മയുടെ സ്നേഹം കാണാം. വേദനയില്‍ നിന്നും സങ്കടത്തില്‍ നിന്നും എന്നെ സംരക്ഷിക്കുന്ന എന്റെ അമ്മയെ. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും നമ്മള്‍ കടന്നു പോയ സുന്ദര നിമിഷങ്ങള്‍ എനിക്ക് കാണാം.
അത് കാണിച്ചു തരുന്നതും അമ്മയാണെന്ന് എനിക്കറിയാം. ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായിരുന്നു അമ്മ, ജീവിച്ചിരുന്ന കാലമത്രയും നീണ്ട ഒരു അനുഗ്രഹം. പരിശുദ്ധയും സ്നേഹമയിയും നല്ലവളുമായ അമ്മ ലോകത്ത് ഇനി നില്‍ക്കേണ്ടിയില്ലെന്നായിരിക്കാം, അത് കൊണ്ടാണ് അമ്മയെ തിരിച്ചു വിളിച്ചത്. എങ്കിലും അമ്മ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നല്ലോ. എന്റെ കൂട്ടുകാര്‍ എപ്പോഴും പറയാറുണ്ട് എന്നും സന്തോഷവതിയാണല്ലോ ഞാനെന്ന്. അതിന് കാരണം ഇപ്പോളെനിക്കറിയാം, എന്റെ അമ്മയായിരുന്നു.
ആരെന്തു പറഞ്ഞാലും കാര്യമില്ലായിരുന്നു. ഒരു പ്രശ്നവും വലുതല്ലായിരുന്നു. ഒരു ദിവസവും സന്തോഷമില്ലാത്തതല്ലായിരുന്നു അമ്മയുള്ളപ്പോള്‍. ഒന്നിനു വേണ്ടിയും ആരെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല അമ്മയുണ്ടായിരുന്നല്ലോ എന്തിനും. അമ്മ മതിയായിരുന്നു എന്തിനും എനിക്ക്, എന്റെ ആത്മാവിന്റെ ഭാഗമാണ് അമ്മ. ഏറ്റവുമടുത്ത കൂട്ടുകാരി. എല്ലാ ദിവസവും രാവിലെ ഞാനുണരുന്നത് അമ്മയ്ക്ക് അഭിമാനം കൊണ്ടു വരുന്ന, അമ്മയില്‍ ഞാനഭിമാനിക്കുന്ന പോലെ എന്നിലമ്മ അഭിമാനിക്കുന്ന ഒരു ദിവസം വരണേ എന്ന പ്രാര്‍ത്ഥനയുമായായിരുന്നു.
ആ സ്വപ്നത്തില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ല. ഞാന്‍ സത്യം ചെയ്യുന്നു. അമ്മ ഇവിടെത്തന്നെയുണ്ട്, എന്നിലും ഖുശിയിലും പപ്പയിലും, എനിക്കറിയാമത്. അമ്മ ഞങ്ങളില്‍ അവശേഷിപ്പിച്ചു പോയ സ്നേഹ മുദ്രകള്‍ മതിയാകും ഇനിയുള്ള കാലം ഞങ്ങള്‍ക്ക് ജീവിക്കാന്‍. പക്ഷേ ഇനിയൊരിക്കലും ഞങ്ങളുടെ ജീവിതം പൂര്‍ണ്ണമാകില്ല. എന്റെ എല്ലാമെല്ലാമായ അമ്മയ്ക്ക് സ്നേഹം.