ചാലക്കുടി: കലാഭവൻ മണിയുടെ കണ്ണീരോർമ്മകൾക്കു രണ്ടുവർഷം തികയുന്നു. രണ്ടാം ചരമവാർഷികം നഗരസഭയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ നാല്, അഞ്ച്, ആറ് തീയതികളിൽ “ചിരസ്മരണ’ 2018 ആചരിക്കും.
നാല്, അഞ്ച് തിയതികളിൽ വ്യാപാരഭവൻ ഹാളിൽ കലാഭവൻ മണി മെമ്മോറിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഐഎഫ്എഫ്സി 2018 നടത്തും. രാവിലെ 9.30 മുതൽ രാത്രി 9.30 വരെ ദേശീയ അന്തർദേശീയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും.
അഞ്ചിനു വൈകീട്ട് 5.30നു സമാപനസമ്മേളനം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ കെ.ബി.വേണു ഉദ്ഘാടനം ചെയ്യും. ആറിനു വൈകീട്ട് 5.30നു കലാഭവൻ മണിനഗറിൽ ടൗണ്‍ഹാൾ മൈതാനം അനുസ്മരണ സമ്മേളനം നടത്തും. സമഗ്ര സംഭാവനക്കു സുധാകര കിളിക്കാർ, യുവപ്രതിഭ കലാഭവൻ സതീഷ് എന്നീ മിമിക്രി കലാകാരന്മാർക്കു പുരസ്കാരങ്ങൾ നൽകും. തുടർന്ന് പ്രശസ്ത മിമിക്രി കലാകാരന്മാർ കലാസന്ധ്യ അവതരിപ്പിക്കും.
ബി.ഡി. ദേവസി എംഎൽഎ, നഗരസഭാ ചെയർമാൻ ജയന്തി പ്രവീണ്‍, വൈസ് ചെയർമാൻ വിൻസന്റ് പാണാട്ടുപറന്പിൽ, ജനറൽ കണ്‍വീനർ അഡ്വ. കെ.ബി. സുനിൽകുമാർ, വി.ഒ. പൈലപ്പൻ, യു. വി. മാർട്ടിൻ, ഉഷ പരമേശ്വരൻ, കെ.എം. ഹരിനാരായണൻ, പി.എം. ശ്രീധരൻ, യു.എസ്. അജയകുമാർ, സുഭാഷ് ചന്ദ്രദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.