വടക്കഞ്ചേരി: അനുകരണ കലയിൽ പച്ചക്കറി വ്യാപാരിയായ അബ്ദുൾ ഷുക്കൂറിന്റെ നൈപുണ്യം ശ്രദ്ധേയമാകുന്നു. വടക്കഞ്ചേരി ടൗണിൽ മാർക്കറ്റ് റോഡിലുള്ള വി.എസ്.വെജിറ്റബിൾ കടയുടമയായ അബ്ദുൾ ഷുക്കൂർ ഇതിനകം നൂറു സ്റ്റേജുകളിൽ മിമിക്രി അവതരിപ്പിച്ച് വ്യാപാരികൾക്കിടയിൽ താരമായി.
കെ.പി.ഉമ്മർ, എൻ.എൻ.പിള്ള, രഘുവരൻ, കണ്ണാടി അവതാരകനായിരുന്ന ഗോപകുമാർ, മമ്മുട്ടി, വിനായകൻ, എൻ.എഫ്.വർഗീസ് തുടങ്ങി നാല്പതു പ്രമുഖരെ അനുകരിക്കാൻ 50-കാരനായ അബ്ദുൾ ഷുക്കൂറിനു കഴിയും. മലയാളം, തമിഴ് ഭാഷകളിലെ രാഷ്ട്രീയ-സിനിമാരംഗത്തുള്ളവരെയാണ് അനുകരിച്ചാണ് കൈയടി വാങ്ങുന്നത്. ഫ്ളേവേഴ്സ് ചാനലിലും ഈ വ്യാപാരി തിളങ്ങിയിട്ടുണ്ട്.
കടയിൽ തിരക്കുകുറഞ്ഞ സമയങ്ങളിലാണ് മിമിക്രിയുടെ പ്രാക്ടീസ്. അനുകരണങ്ങൾ മൊബൈലിൽ പിടിച്ച് മറ്റുള്ളവരെ കേൾപ്പിക്കും.കേൾക്കുന്നവരുടെ വിലയിരുത്തലുകളും ഭേദഗതികളും ഉൾക്കൊണ്ട് ശബ്ദത്തിൽ ആവശ്യമായ മാറ്റം വരുത്തും.പലരുടെയും ശബ്ദാനുകരണം ഇപ്പോൾ ഒറിജിനലിനെ വെല്ലുന്ന മട്ടിലുള്ളതാണ്. സ്കൂൾ വാർഷികാഘോഷങ്ങളിലെല്ലാം അബ്ദുൾ ഷുക്കൂറും ഇപ്പോൾ വിശിഷ്ടാതിഥിയാണ്.
സ്റ്റേജിൽ 15 മിനിറ്റ് അവതരിപ്പിക്കാനുള്ള സ്റ്റോക്ക് വോളിബോൾ കളിക്കാരൻ കൂടിയായ അബ്ദുൾ ഷുക്കൂറിന്റെ പക്കലുണ്ട്. കടയിലെ ജീവനക്കാരും ഡാൻസറുമായ ഷഹീർ അംഗമായ മലബാർ ക്ലാസിക് കാറ്റ്സിന്റെ വാർഷിക പരിപാടിയോടെയായിരുന്നു മിമിക്രിയിലെ അബ്ദുൾ ഷുക്കൂറിന്റെ അരങ്ങേറ്റം.
ആദ്യ സ്റ്റേജ് പരിപാടിയിൽ തന്നെ നിരവിധിപേരുടെ പിന്തുണ ലഭിച്ചതോടെ അനുകരണശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങളും അബ്ദുൾ ഷുക്കൂർ തുടർന്നു.പിതാവ് പരേതനായ നൂർമുഹമ്മദിന്റെ പാത അനുകരിച്ചാണ് അബ്ദുൾ ഷുക്കൂർ പച്ചക്കറി വ്യാപാരരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടിലേറെയായി വ്യാപാരരംഗത്തുണ്ട്.
അബ്ദുൾ ഷുക്കൂറിന്റെ ഇളയമകൻ ശ്രീനാരായണ സ്കൂളിൽ ആറാംക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഫർഹാസയും മിമിക്രി കലയിലെ വിസ്മയമാണ്. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതസംഗീതത്തിന് മുഹമ്മദ് ഫർഹാസയ്ക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.
ഒന്പതാംക്ലാസിൽ ഇതേ സ്കൂളിൽ പഠിക്കുന്ന മൂത്തമകൻ മുഹമ്മദ് ഫയാസിനു ചിത്രകലയോടാണ് താത്പര്യം. ചിത്രരചനയിലെ ശ്രദ്ധേയനായ പ്രതിഭ തന്നെയാണ് ഈ പതിനാലുകാരൻ.മക്കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും തന്റെ മിമിക്രി പരിശീലനത്തിനും ഭാര്യ റെജീനയുടെ സംഭാവനയും വളരെ വലുതാണെന്നാണ് അബ്ദുൾ ഷുക്കൂർ പറയുന്നത്.