പിണറായിയുടെ ബംഗാളി ഏറ്റില്ല ! ത്രിപുരയിലെ ഭരണത്തുടര്‍ച്ചയ്ക്കായി ബംഗാളിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച കേരളാ മുഖ്യമന്ത്രിയുടെ ശ്രമം പാഴായി; പൊങ്കാലയിട്ട് ട്രോളന്മാര്‍…

തിരുവനന്തപുരം: ത്രിപുരയിലെ ഭരണത്തുടര്‍ച്ചയ്ക്കായി ബംഗാളിയില്‍ വോട്ട് അഭ്യര്‍ഥിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം പാഴായതിനെ ആക്ഷേപിച്ച് ട്രോളന്മാര്‍. ബംഗാളിയിലും ഇംഗ്ലീഷിലുമാണ് പിണറായി പോസ്റ്റിട്ടത്. എന്നാല്‍ ത്രിപുരയില്‍ ബിജെപിക്കു മുമ്പില്‍ സിപിഎം ദയനീയമായി പരാജയമണഞ്ഞതോടെയാണ് മുഖ്യമന്ത്രിയെ ട്രോളന്മാര്‍ പൊങ്കാലയിട്ടത്. കഴിഞ്ഞ ഫെബ്രുവരി 15നായിരുന്നു ത്രിപുരയിലെ ജനങ്ങളോട് പിണറായി വോട്ട് അഭ്യര്‍ഥിച്ചത്.

‘വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ത്രിപുരയിലെ വോട്ടര്‍മാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഗോത്രപരമായ വ്യത്യസ്തകള്‍ക്കിടയിലും ആദിവാസി-ആദിവാസിയേതര ജന സമൂഹങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദത്തിന്റെയും ശാന്തിയുടേയും സമാധാനത്തിന്റെയും പ്രതീകമാണ് ത്രിപുര. ഇതു സാധ്യമായത് മണിക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമാണ്.

ദേശസ്‌നേഹത്തെക്കുറിച്ച് വലിയ വാക്കുകള്‍ പറയുന്ന ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളുമായി കൈകോര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. ഈ സഖ്യം സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുന്നു. ത്രിപുരയിലെ ജനങ്ങള്‍ ഈ സഖ്യത്തെ തള്ളിക്കളയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ തോല്‍വിക്കുള്ള ആദ്യമണിനാദം ത്രിപുരയില്‍ നിന്നു കേള്‍ക്കുന്നതും അത് രാജ്യത്ത് ഉടനീളം വ്യാപിക്കുന്നതും ശ്രവിക്കാന്‍ കേരളത്തിലെ ജനതയും രാജ്യവും ത്രിപുരയിലെ ജനങ്ങളെ ഉറ്റുനോക്കുകയാണ്’. ഈ അര്‍ഥം വരുന്ന വാക്കുകളാണ് പിണറായി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

Related posts