കണിച്ചാര്‍: മഴയും വെയിലും മറയ്ക്കാൻ കൂരയില്ലാതെ ആദിവാസി കുടുംബം ദുരിതത്തില്‍. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാര്‍ഡിലെ 24ാം മൈല്‍ അരുവിക്കല്‍ കോളനിയിലെ മൂപ്പന് ചന്ദ്രനും ഭാര്യ ശാന്തയുമാണു കിടപ്പാടം പോലും ഇല്ലാതെ കോളനിയില്‍ കഴിയുന്നത്. 24ാം മൈല്‍ അരുവിക്കല്‍ കോളനിയിലാണ് അരനൂറ്റാണ്ട് കാലമായി ചന്ദ്രന് താമസിക്കുന്നത്.
പിതാവ് മരിച്ചതോടെ കുടുംബസ്വത്തായി ഉണ്ടായിരുന്ന സ്ഥലം സഹോദരിയുടെ പേരിലായതിനെ തുടര്‍ന്നാണു ചന്ദ്രനു സ്വന്തം പേരില്‍ സ്ഥലമില്ലാതെ പോയത്. സ്വന്തമായി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കിലും റേഷന്‍കാര്‍ഡ് ഇല്ലാത്തത് ഈ കുടുംബത്തിനു വീടെന്ന സ്വപ്നത്തിനു തിരിച്ചടിയായി. മേല്‍ക്കൂരയില്ലാത്ത ഒരു കുടിലിലാണു ചന്ദ്രന്റെയും ശാന്തയുടെയും താമസം.
വീടിനു വേണ്ടി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. കണിച്ചാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ അധികൃതര്‍ നല്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവര്‍ ദിനങ്ങള്‍ തള്ളി നീക്കുന്നത്.
തളര്‍വാതം പിടികൂടിയ ചന്ദ്രനു പരസഹായം കൂടാതെ നടക്കാന്‍പോലും ആകാത്ത അവസ്ഥയാണ്. ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട പ്രമോട്ടര്‍മാരും കോളനിയില്‍ എത്താറില്ലെന്ന് ഇവര്‍ പറയുന്നു.