ഹൂസ്റ്റണ്‍: മദ്യപിച്ചു വാഹനമോടിച്ച യുവതിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരണമടഞ്ഞു. ഇരുപതുവയസുള്ള വെറോനിക്കാ റിവാസ് എന്നയുവതി മദ്യപിച്ചു ലക്കുകെട്ടു വാഹമോടിക്കുകയും നിയന്ത്രണംവിട്ടു മറ്റൊരു കാറിന്റെ പുറകിൽ ഇടിച്ചതിനെ തുടർന്ന് കാർ ഓടിച്ചിരുന്ന ഷൈല ജോസഫും(36), മൂന്നുമാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടു. ഫെബ്രുവരി 27 ബുധനാഴ്ച രാവിലെ ഹുസ്റ്റണ്‍ ക്ലിയർ ലേക്ക് ഗൾഫ് ഫ്രീവേയിലായിരുന്നു അപകടം.
ഇടിയുടെ ആഘോതത്തിൽ രണ്ടുപേരും കാറിനകത്തു വച്ചുതന്നെ മരണപ്പെട്ടു. കുഞ്ഞ് കാർ സീറ്റിലായിരുന്നു. യുടിഎംബിയിലെ ജീവനക്കാരിയായിരുന്ന ഷൈല പ്രസവാവധിയിലായിരുന്നു. രാവിലെ ആഹാരം വാങ്ങി വരുന്പോഴായിരുന്നു അപകടം. വെറോനിക്കയേയും പാസഞ്ചർ സീറ്റിലുണ്ടായിരുന്ന 17 വയസുള്ള പെണ്‍കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിവാസിന്റെ പേരിൽ പോലീസ് കേസെടുത്തു ജയിലിലടച്ചു. 30,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് ഇവരെ കോടിതിയിൽ ഹാജരാക്കി. മദ്യപിച്ചു വാഹനം ഓടിക്കുന്നതാണ് ടെകസസിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഇതിനെതിരേ ശക്തമായ മുന്നറിയിപ്പും ബോധവൽക്കരണവും നടത്തിയിട്ടും അപകടങ്ങൾ വർധിച്ചുവരുന്നത് ഉൽകണ്ഠാജനകമാണെന്നും പോലീസ് അധികൃതർ പറയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ