ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഫലം മൃഗങ്ങൾ പ്രഖ്യാപിക്കുന്നത് പുതുമുയുള്ള കാര്യമല്ല. 2010ലെ ലോകകപ്പിൽ പോൾ എന്ന നീരാളിയായിരുന്നു പ്രവചനം നടത്തിയത്. പക്ഷേ, 2014ൽ ലോകകപ്പ് പ്രവചിക്കാൻ പോളിനൊരു പിന്മുറക്കാരൻ എത്തിയില്ല. എന്നാൽ, ഈ വർഷത്തെ ലോകകപ്പ് ഫലം പ്രഖ്യാപിക്കാൻ തയാറെടുക്കുന്നത് ഒരു മാർജാരനാണ്.
അക്കില്ലസ് എന്നാണ് ഈ റഷ്യൻ മാർജാരസുന്ദരന്റെ പേര്. സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയത്തിൽനിന്ന് കക്ഷിയുടെ താമസം റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫേയിലേക്കു മാറ്റിയിട്ടുണ്ട്.
2018 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഫലം ദേശീയ പതാകകൾക്കു കീഴിൽ വച്ചിരിക്കുന്ന ബൗൾ തെരഞ്ഞെടുത്താണ് അക്കില്ലസ് പ്രവചിക്കുക. റഷ്യയിൽ നടന്ന 2017 ഫിഫ കോണ്‍ഫെഡറേഷൻ കപ്പിൽ അക്കില്ലസിന്റെ പ്രവചനം നൂറു ശതമാനം ശരിയായിരുന്നു.