ഭാവിവരൻ എങ്ങനെയുള്ളയാളായിരിക്കണമെന്ന് ബോളിവുഡ് നടി കങ്കണ റാണൗത്തിന് വ്യക്തമായ ധാരണയുണ്ട്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കങ്കണ അത് തുറന്നു പറയുകയും ചെയ്തു. ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഭാവിവരന് സൗന്ദര്യം കുറഞ്ഞാലും കുഴപ്പമില്ല രാജ്യസ്നേഹിയായിരിക്കണമെന്നാണ് കങ്കണയുടെ നിലപാട്.
ഇക്കാര്യത്തിൽ കങ്കണയ്ക്കു വിട്ടുവീഴ്ചയില്ല. ഇതിനുള്ള കാരണവും കങ്കണ തുറന്നു പറയുന്നുണ്ട്. “”മാതൃരാജ്യത്തോട് ആത്മാർഥത ഇല്ലാത്ത ഒരാൾക്ക് എന്നോടും ആത്മാർഥത കാണിക്കാൻ സാധിക്കില്ല. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. എന്നെ വിവാഹം കഴിക്കുന്നയാൾ രാജ്യസ്നേഹി അല്ലെന്നറിഞ്ഞാൽ ഞാൻ ഉടൻ ബന്ധം വേർപിരിക്കും”- കങ്കണ പറയുന്നു.
ഈ വർഷം തന്നെ കങ്കണയുടെ വിവാഹം നടക്കുമെന്നാണ് വാർത്തകൾ. നേരത്തെ ഒരു അഭിമുഖത്തിൽ 2017ൽ വിവാഹം നടക്കുമെന്ന് കങ്കണ പറഞ്ഞിരുന്നുവെങ്കിലും അത് നടക്കാത്തതിനാൽ ഈ വർഷമെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റാണി ലക്ഷ്മി ഭായിയുടെ ചരിത്രം പറയുന്ന മണികർണ്ണിക ദി ക്വീൻ ഓഫ് ഝാൻസി എന്ന സിനിമയാണ് കങ്കണയുടെ പുതിയ ചിത്രം.