സ്മാർട്ട്ഫോണ്‍ ഉപയോഗത്തിന് പ്രായം ഒരു പ്രശ്നമേയല്ലാത്ത കാലമാണ്. മൂന്നുവയസു തികയാത്ത കുരുന്നുകൾ മുതൽ 95 പിന്നിട്ടവർവരെ ടച്ച്സ്ക്രീനിൽ തൊട്ട് പാട്ടുംപാടി നടക്കും. എന്നാൽ മുതിർന്നവരിൽ ചിലർക്ക് ഫോണ്‍ ചെറിയ പ്രശ്നമാണ്. എങ്ങനെ ഉപയോഗിക്കണം, ഏതു സ്വിച്ച് അമർത്തണം, അണ്‍ലോക്ക് ചെയ്യാൻ എന്തുചെയ്യണം എന്നൊന്നും അറിയാത്ത അവസ്ഥ. കാഴ്ചക്കുറവുണ്ടെങ്കിൽ പറയുകയുംവേണ്ട.
അത്തരക്കാരെ ഉദ്ദേശിച്ചാണ് മുതിർന്നവർക്കായുള്ള പ്രത്യേക ഫോണുകളുമായി ചില കന്പനികൾ രംഗത്തുള്ളത്. വലിയ അക്ഷരങ്ങളുള്ള കീപാഡ്, വലിയ ഡിസ്പ്ലേ എന്നിവയാണ് അടിസ്ഥാനപരമായ സവിശേഷതകൾ. അടിയന്തര സാഹചര്യങ്ങളിൽ അമർത്താനുള്ള എസ്ഒഎസ് ബട്ടണുകളും ചില മോഡലുകളിലുണ്ട്. ഇതൊക്കെയാണെങ്കിലും ഈ ഫോണുകൾ വിപണിയിൽ വലിയ തരംഗമൊന്നും സൃഷ്ടിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ജൂലൈയിൽ ജിയോ പുറത്തിറക്കിയ ബജറ്റ് സ്മാർട്ട്ഫോണായ ജിയോഫോണ്‍ മുതിർന്ന പൗരന്മാർക്ക് ഏറെ പ്രയോജനകരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രിയപ്പെട്ടവരുടെ പേരു പറഞ്ഞ് ഡയൽ ചെയ്യാനുള്ള സൗകര്യവും ഒപ്പം ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാനും മുതിർന്നവർക്ക് ഈ ഫോണ്‍ പ്രിയങ്കരമാക്കുന്നു. വോയ്സ് കോളുകൾ കൂടുതൽ ആവശ്യമുള്ളവർക്ക് ഏറ്റവും അനുയോജ്യമാണ് ജിയോഫോണ്‍.
ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച് 28 ദിവസത്തേക്ക് 49 രൂപ മുടക്കിയാൽ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളാണ് ലഭിക്കുക. ഒപ്പം ഒരു ജിബി ഡാറ്റയും. വോയ്സ് കോളുകൾ കൂടുതൽ വേണ്ടവർക്ക് ഇതിനേക്കാൾ മികച്ച പ്ലാൻ വേറെയില്ല. ഡാറ്റകൂടി വേണ്ടവർക്ക് 28 ദിവസത്തേക്ക് 153 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. ദിവസം ഒന്നര ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക- മൊത്തം 42 ജിബി. പതിനായിരക്കണക്കി നു പാട്ടുകൾ സൗജന്യമായി കേൾക്കാം.
ജിയോ ഫോണിനെ ടിവിയുമായി കണക്ട് ചെയ്യാവുന്ന കേബിൾ ലഭ്യമാകുന്നതോടെ സിനിമകളും ചാനലുകളും കാണാനും ജിയോഫോണ്‍ മതിയാകും. വീട്ടിൽ വെറുതെയിരുന്നു മടുക്കേണ്ട സ്ഥിതി വരില്ലെന്നു ചുരുക്കം.