വിഴിഞ്ഞം: കോവളം കാണാനെത്തിയ ദന്ത ഡോക്ടർ ഉല്ലാസ ബോട്ടിൽ നിന്ന് കടലിലേക്ക് എടുത്ത് ചാടി. ബോട്ട് ഡ്രൈവറും നിലവിളി കേട്ടെത്തിയ ബൈക്ക് യാത്രികരും ചേർന്ന് ഏറെ സാഹസപ്പെട്ടാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്.
വെള്ളം കുടിച്ച് അബോധാവസ്ഥയിലായ ഡോക്ടറെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നന്തൻകോട് സ്വദേശി രൂപൻ പ്രകാശ് (42) ആണ് ഉല്ലാസ ബോട്ടുകാരെയും പോലീസിനെയും വട്ടം കറക്കിയത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ കാറിൽ കോവളം ഗ്രോബീച്ചിൽ എത്തിയതായിരുന്നു രൂപൻ കുമാർ.
തുടർന്ന് ഉല്ലാസ ബോട്ടിൽ കടൽ ചുറ്റിയടിക്കാൻ തീരുമാനിച്ചു. ബോട്ടിൽ സഞ്ചാരിയായി ഡോക്ടറും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. ബീച്ചിൽ നിന്ന് പനത്തുറ ഭാഗത്തേക്ക് ഓടിച്ചു പോയ ബോട്ടിൽ നിന്ന് ജീവൻ രക്ഷാ സംവിധാനം ഊരി വച്ച ശേഷം ഇയാൾ കടൽത്തിരയിലേക്ക് എടുത്തു ചാടുകയായിരുന്നു. മുങ്ങിത്താണ രൂപൻ പ്രകാശിനെ ഒറ്റക്ക് രക്ഷപ്പെടുത്താനുള്ള ഡ്രൈവറുടെ ശ്രമം ഫലം കണ്ടില്ല. ഇയാളുടെ ഉച്ചത്തിലുള്ള നില വിളി കേട്ട കടൽക്കരയിലെ റോഡിലൂടെ പോവുകയായിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേർ വെള്ളത്തിലേക്ക് ചാടി നീന്തി.
ഇവരുടെ സഹായത്തോടെ ബോട്ടിൽ കയറ്റിയ രൂപൻ പ്രകാശിനെ കരയ്ക്കെത്തിച്ചു.ഏറെ അവശനായ ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് ആദ്യം വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബീച്ചിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ ലോക്ക് ചെയ്തിരിക്കുന്നതിനാൽ പോലീസിന് തുറന്ന് പരിശോധിക്കാൻ കഴിഞ്ഞില്ല. പേഴ്സിൽ നിന്ന് ലഭിച്ച വിലാസമനുസരിച്ച് ബന്ധുക്കളെ അറിയിച്ചതായും പോലീസ് അറിയിച്ചു.