ക​ട​ലും തിളക്കുന്നു! മ​ത്സ്യ​ങ്ങൾ ആഴകടലിലേക്ക്! വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യക്ഷാമം; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം തീ​ര​മേ​ഖ​ല​ക​ളി​ലേ​ക്ക്

പോ​ൾ മാ​ത്യു

തൃ​ശൂ​ർ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം തീ​ര​മേ​ഖ​ല​ക​ളി​ലേ​ക്ക് അ​തി​വേ​ഗം ബാ​ധി​ക്കു​മെ​ന്ന് സ​ർ​വേ. തീ​ര​ദേ​ശ​ത്തോ​ടൊ​പ്പം ക​ട​ലും ചു​ട്ടു​പ​ഴു​ക്കു​ന്ന​തി​നാ​ൽ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട പലാ​യ​നം ന​ട​ത്തു​ക​യാ​ണ്. പ​തി​വാ​യി കി​ട്ടു​ന്ന പ​ല മ​ത്സ്യ​ങ്ങ​ളും ഇ​നി കി​ട്ടാ​താ​കും.

ഈ ​കാ​ലാ​വ​സ്ഥ തു​ട​ർ​ന്നാ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യക്ഷാ​മ​ത്തി​ന് കേ​ര​ള​ തീ​ര​ങ്ങ​ൾ സാ​ക്ഷ്യംവ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് സെ​ൻ​ട്ര​ൽ മ​റൈ​ൻ ഫി​ഷ​റീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ചൂ​ടു കൂ​ടി​യ​തോ​ടെ മ​ത്സ്യ​ങ്ങ​ൾ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് പി​ൻ​വ​ലി​ഞ്ഞു. ഇ​തു മൂ​ലം ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നംന​ട​ത്തു​ന്ന വ​ൻ​കി​ട മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലു​ക​ൾ​ക്കു മാ​ത്ര​മാ​യി മ​ത്സ്യസ​ന്പ​ത്തും ചു​രു​ങ്ങും. സാ​ധാ​ര​ണ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളുടെ ജീ​വി​തം വ​റു​തി​യു​ടെ ചൂ​ടി​ലേ​ക്കു വീ​ഴും.

സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 222 തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ളി​ലും 113 ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ലു​മാ​യി ക​ട​ലി​നെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തെ​യും മാ​ത്രം ആ​ശ്ര​യി​ച്ച് 11.30 ല​ക്ഷം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ജീ​വി​ക്കു​ന്ന​ത്.

2012നു​ശേ​ഷം കേ​ര​ളതീ​ര​ത്ത് മ​ത്സ്യല​ഭ്യ​ത​യി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. സി​എം​എ​ഫ്ആ​ർ​ഐ​യു​ടെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ മ​ത്സ്യ ഉ​ല്പാ​ദ​നം 2006 ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ൽ 2016 വ​രെ​യു​ള്ള ക​ണ​ക്കി​ൽ കു​ത്ത​നെ താ​ഴു​ക​യാ​ണ്. 2006ൽ 5,98,057 ​മെ​ട്രി​ക് ട​ണ്‍ ഉ​ണ്ടാ​യി​രു​ന്ന​ത് 2016 ആ​യ​പ്പോ​ഴേ​ക്കും 5,16,745 മെ​ട്രി​ക് ട​ണ്ണി​ലേ​ക്ക് ചു​രു​ങ്ങി.

1950നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ടാ​ണ് കേ​ര​ള തീ​ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തീ​ര​ക്ക​ട​ലി​ൽ ചൂ​ടു കൂ​ടു​ന്ന​തോ​ടെ മ​ത്തി(​ചാ​ള)​യാ​ണ് കൂ​ടു​ത​ലാ​യി കേ​ര​ള തീ​ര​ങ്ങ​ളി​ൽനി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 2012നെ അപേക്ഷിച്ച് മത്തിയുടെ ലഭ്യത കുത്തനെ താഴ്ന്നു.

ക​ട​ലി​ലെ താ​പ​നി​ല ശ​രാ​ശ​രി 28.6 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി 1.1 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​താ​ണ് മ​ത്തി, അ​യ​ല തു​ട​ങ്ങി​ മ​ല​യാ​ളി​ക​ൾ ഏ​റെ ഇഷ്ടപ്പെടുന്ന മ​ത്സ്യ​ങ്ങ​ളെ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് പി​ൻ​വ​ലി​യാ​ൻ പ്രേരിപ്പിക്കുന്നത്.

ശാ​രീ​രി​ക പ്ര​ക്രി​യ​ക​ളി​ലൂ​ടെ ശ​രീ​ര​ത്തി​ലെ താ​പ​നി​ല നി​യ​ന്ത്രി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​യ​വ​യാ​ണ് മ​ത്സ്യ​ങ്ങ​ൾ. അ​തു​കൊ​ണ്ടുത​ന്നെ പ​രി​സ്ഥി​തി​യി​ലെ മാ​റ്റം മ​ത്സ്യ​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നംമൂ​ലം താ​പ​നി​ല, മ​ർ​ദ്ദം, ഒ​ഴു​ക്ക് എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ മ​ത്സ്യ​ങ്ങ​ളെ നേ​രി​ട്ടു ബാ​ധി​ക്കു​ന്ന​വ​യാ​ണ്.

താ​പ​നി​ല ഉ​യ​ര​ൽ, ക​ട​ൽ ജ​ല​നി​ര​പ്പു​യ​ര​ൽ, തീ​ര​ശോ​ഷ​ണം, കു​ത്ത​നെ ഇ​ടി​യു​ന്ന മ​ത്സ്യ ഉ​ല്പാ​ദ​നം, കാ​റ്റി​ന്‍റെ ഗ​തി​യി​ലെ മാ​റ്റം, പ്ര​വ​ച​നാ​തീ​ത കാ​ലാ​വ​സ്ഥ, തീ​വ്ര​ത​യേ​റി​യ ക​ട​ലാ​ക്ര​മ​ണം ഇ​തെ​ല്ലാം കേ​ര​ള​ത്തി​ലെ തീ​ര​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​തി​ഭാ​സ​ങ്ങ​ളാ​ണ്.

Related posts