കോഴിക്കോട്: മിനിമം വേതനത്തിനായി സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം അനാവശ്യമെന്ന് തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ.മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ഘട്ടത്തിൽ സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള നീതികേടാണ്. ചേർത്തല കെവിഎം ആശുപത്രിയിലെ പ്രശ്നങ്ങളാണ് സമരത്തിനു കാരണമെങ്കിൽ അത് അവിടെത്തന്നെ തീർക്കണം- മന്ത്രി പറഞ്ഞു.
അതേസമയം, ആറാം തീയതി മുതൽ അനിശ്ചിതകാല അവധിയെടുത്ത് സമരം നടത്താനുള്ള തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നു നഴ്സുമാരുടെ സംഘടന വ്യക്തമാക്കി. കേരളത്തിലെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്സുമാരാണ് കൂട്ട അവധിക്ക് അപേക്ഷ സമർപ്പിക്കുന്നത്.