റെനീഷ് മാത്യു
വിശപ്പുണ്ടോ, കൈയിൽ പണമില്ലേ എങ്കിൽ കണ്ണൂരിലേക്ക് സ്വാഗതം. വയറു നിറച്ച് ഭക്ഷണം കഴിച്ചു മടങ്ങാം. വിശപ്പുരഹിത നഗരമായി കണ്ണൂരും തലശേരിയും തളിപ്പറന്പും മാറി. അത്താഴക്കൂട്ടം എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് കണ്ണൂരിന്റെ വിശപ്പ് മാറ്റുന്നത്.
കണ്ണൂർ ജില്ലയിലെ അത്താഴക്കൂട്ടത്തിന്റെ പൊതിച്ചോർ വിതരണം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. വിശക്കുന്നവർക്കായി 24 മണിക്കൂറും പൊതിച്ചോർ ഇവിടെ തയാറാണ്.
പൊതിച്ചോർ വിതരണവുമായി അത്താഴക്കൂട്ടം
2013 ലാണ് അത്താഴക്കൂട്ടത്തിന്റെ പിറവി. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് അത്താഴക്കൂട്ടം പിറവിയെടുത്തത്. ആദ്യകാലയളവിൽ കല്യാണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് ഭക്ഷണം കഴിക്കാൻ നിർവാഹമില്ലാത്തവർക്ക് എത്തിച്ചു നല്കുകയായിരുന്നു അത്താഴക്കൂട്ടത്തിന്റെ ജോലി.
എന്നാൽ സ്ഥിരമായി ഭക്ഷണം വിതരണം ചെയ്യാൻ ഒരു സ്ഥലം വേണമെന്നുള്ള തീരുമാനത്തെ തുടർന്നാണ് ഫ്രീസർ സംവിധാനങ്ങൾ സ്ഥാപിച്ചത്. തലശേരിയിൽ തുടങ്ങി ഇപ്പോൾ കണ്ണൂരിലും തളിപ്പറന്പിലും ഫ്രീസർ സംവിധാനം നിലവിൽ വന്നു. എപ്പോൾ ആളുകൾ വിശന്നു വന്നാലും ഫ്രീസറിൽ നിന്നു ഭക്ഷണം എടുത്തു കഴിക്കാം.
ഹോട്ടലുകളിൽ മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുകയാണ് അത്താഴക്കൂട്ടത്തിന്റെ രീതി. അത്താഴക്കൂട്ടത്തിന്റെ ആളുകൾ വന്ന് ഹോട്ടലുകളിൽ നിന്ന് ബാക്കിയാവുന്ന ഭക്ഷണ പദാർഥങ്ങൾ ശേഖരിക്കും. എന്നിട്ട് പൊതിയായി കെട്ടി ഫ്രീസറുകളിൽ വയ്ക്കും.
തലശേരി സ്വദേശി ഷമ്രീസ് ബക്കറാണ് അത്താഴകൂട്ടത്തിന്റെ സ്ഥാപകൻ. തലശേരിക്കാരനായ റെജി കലാകാർ, തളിപ്പറന്പ് സ്വദേശി മുഹമ്മദ് ഷെഫീക്ക്, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരും അത്താഴക്കൂട്ടത്തിലുണ്ട്. വിശക്കുന്നവർക്കായി ഭക്ഷണം കഴിക്കാൻ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഫ്രീസർ സംവിധാനം ഒരുക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി വൻ പ്രൊജക്ട് തയാറാക്കി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു കഴിഞ്ഞു അത്താഴക്കൂട്ടം.
ഹോട്ടലുകൾ, വ്യാപാരികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ
പണം കൊടുത്ത് വാങ്ങി ഭക്ഷണം വിതരണം ചെയ്യുന്നതല്ല അത്താഴക്കൂട്ടത്തിന്റെ രീതി. ചില ഹോട്ടലുകൾ സ്ഥിരമായി പൊതിച്ചോറുകൾ തരാറുണ്ട്. ഹോട്ടലുകൾക്കു പുറമെ കോർപറേറ്റ് സ്ഥാപനങ്ങൾ, വ്യക്തികൾ, വ്യാപാരികൾ എന്നിവ വഴിയും പൊതിച്ചോറുകൾ നല്കുന്നുണ്ട്.
സ്ഥിരമായി ഫ്രീസറിൽ നിന്നു ഭക്ഷണം എടുത്തു കഴിക്കുന്നവരെ അത്താഴക്കൂട്ടം നിരീക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് ഇവരെക്കുറിച്ച് പഠനം നടത്തി പുനരധിവാസം ഉൾപ്പെടയുള്ള പദ്ധതികൾ നടത്തിവരുന്നുണ്ട്. രാവിലെ ഉപ്പുമാവ് ഉൾപ്പെടെയുള്ള ഭക്ഷണ പദാർഥങ്ങൾ ലഭിക്കും. ഉച്ചയ്ക്കും രാത്രിയിലും ചോറും കറികളും ലഭിക്കും. ചിലപ്പോൾ ബിരിയാണി ഉൾപ്പെടയുള്ളവ ഫ്രീസറിൽ ലഭ്യമാണ്.
വിശപ്പു മാറ്റാൻ പോലീസ് സ്റ്റേഷൻ
കണ്ണൂർ നഗരത്തിൽ പോലീസുമായി സഹകരിച്ചാണ് പൊതിച്ചോർ പദ്ധതി നടപ്പിലാക്കിയത്. പോലീസ് അക്ഷയപാത്രം എന്ന പേരിലാണ് പദ്ധതി. നഗരത്തിൽ എത്തുന്ന നിർധനർക്കും ഭിക്ഷാടനക്കാർക്കും വിശക്കുമ്പോൾ ടൗൺ സ്റ്റേഷനിലെത്താം. ടൗൺ സ്റ്റേഷനു മുന്നിലുള്ള സ്റ്റാളിൽ നിന്ന് 24 മണിക്കൂറും ഭക്ഷണം ലഭിക്കും.
പദ്ധതിക്കായി ഭക്ഷണം ദുരുപയോഗം ചെയ്യാതിരിക്കാൻ കേന്ദ്രത്തിൽ സിസിടിവി കാമറയുണ്ട്. അത്താഴക്കൂട്ടത്തിന്റെ ഒരു പ്രവർത്തകൻ എപ്പോഴും ഫ്രീസറിന്റെ സമീപത്തുണ്ട്. മദ്യപിക്കുന്നവർക്കു ഭക്ഷണം കിട്ടില്ലെന്ന മുന്നറിയിപ്പ് സ്റ്റാളിൽ പതിച്ചിട്ടുണ്ട്. കണ്ണൂർ ടൗൺ സിഐ ടി. കെ. രത്നകുമാർ മുൻ കൈയെടുത്താണ് പദ്ധതി നടപ്പിലാക്കിയത്.
അത്താഴക്കൂട്ടത്തിന്റെ ഫോൺ: 9544594444, 9567800322