റാന്നി: പന്പാനദിക്കുകുറുകെ റാന്നി വലിയ പാലത്തിനു സമാന്തരപാലം നിർമിക്കുന്നതിന് സാങ്കേതികാനുമതിയായതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു. താലൂക്കാസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിട്ടാണ് പന്പാനദിക്കു കുറുകെ രണ്ടാമതൊരു പാലം എന്ന ആശയം ഉണ്ടായത്.
നിലവിലുള്ള റാന്നി വലിയപാലത്തിന് തൊട്ടുതാഴെ ഉപാസന – പെരുന്പുഴ കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. ഇതിനായി 27 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഇപ്പോൾ സാങ്കേതികാനുമതി ലഭിച്ചിരിക്കുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള നടപടികൾ ചീഫ് എൻജിനീയർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്.
369 മീറ്റർ നീളമുള്ള പാലം നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെതന്നെ ഏറ്റവും നീളംകൂടിയ പാലമാകും ഇത്. നദിയിൽ മൂന്ന് തൂണുകളിലായി 45 മീറ്ററിന്റെ മൂന്ന് സ്പാനുകളും ഇരുകരകളിലുമായി 26 മീറ്ററിന്റെ ഒന്‍പത് സ്പാനുകളുമാണ് പാലത്തിന് ഉണ്ടാവുക. പുതിയ പാലം നിർമിച്ചാലും ഇരു കടവുകളിലേക്കുള്ള ഗതാഗതവും തടസപ്പെടുകയില്ല.
ഇതുകൂടാതെ പാലത്തിന്റെ റാന്നി കരയിൽ രാമപുരം – ബ്ലോക്കുപടി രണ്ടു കിലോമീറ്റർ റോഡ് അപ്രോച്ച് റോഡിന്റെ ഭാഗമായി വീതികൂട്ടി അന്താരാഷ്ട്ര നിലവാരത്തിൽ പുനരുദ്ധരിക്കും. ഇതോടെ മിനർവ ജംഗ്ഷൻമുതൽ ബ്ലോക്കുപടി വരെയുള്ള പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തര പാത തീരുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇവിടെ വണ്‍വേ സംവിധാനം ഏർപ്പെടുത്താനും സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കുണ്ടായാൽ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടാനും കഴിയും.
തിരുവാഭരണപാത കൂടി കൂട്ടിയോജിപ്പിച്ച് ഭാവിയിൽ വലിയകലുങ്ക് വരെ സമാന്തരപാതയ്ക്കുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.