എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കാൻ ഇനി രണ്ടു ദിവസം മാത്രമേയുള്ളൂ. ഇക്കുറി ഞാനും ചേട്ടനും ഒരുമിച്ചാണ് ബോർഡ് പരീക്ഷ എഴുതുന്നത്. ഞാൻ പത്തിലും ജിബിൻ ചേട്ടൻ പ്ലസ്ടുവിലും. പരീക്ഷയ്ക്കു പോകും മുമ്പു നെറുകയിൽ മുത്തം നൽകി അനുഗ്രഹിക്കാനും നല്ല മാർക്കോടെ ജയിച്ചു വാ എന്നു പറയാനും ഈ വർഷം പപ്പയില്ല.
കണ്ണീരും ശൂന്യതയും മാത്രം അവശേഷിപ്പിച്ച് ഓഖി മടങ്ങിയപ്പോൾ എനിക്കു നഷ്ടമായത് എന്റെ പപ്പയെ ആണ്. ഇക്കുറി പത്തിലാണെന്നും ജീനമോൾ നന്നായി പഠിക്കണമെന്നും പപ്പ എപ്പോഴും പറയുമായിരുന്നല്ലോ. അതു തന്നെയല്ലേ അവസാനമായി കടലിലേക്കു പോകുന്നതിനു മുമ്പും പപ്പ പറഞ്ഞത്.
പൂന്തുറ സെന്റ് തോമസ് സ്കൂളിലെ ഉയർന്ന മാർക്ക് വാങ്ങിയത് സിൽവ പിള്ളയുടെയും പുഷ്പ റാണിയുടേയും മക്കളാണ് എന്ന് എല്ലാവരും പറയുന്നതു കേൾക്കണം എന്നതായിരുന്നില്ലേ പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. ഞങ്ങൾ രണ്ടുപേരും അതിനുവേണ്ടി വളരെയധികം ശ്രമിക്കുന്നുണ്ട്. പപ്പയുടെ ആഗ്രഹം പോലെ ഞാൻ ബിഎസ്സി നഴ്സും ചേട്ടൻ മെക്കാനിക്കൽ എൻജിനിയറും ആകും.
മലയാളമാണ് എന്റെ ആദ്യത്തെ പരീക്ഷ. ചേട്ടന് കംപ്യൂട്ടർ സയൻസും. മലയാളം ഞാൻ നേരത്തെ നോക്കിവച്ചു. സ്റ്റഡി ലീവിന്റെ സമയത്തിരുന്ന് ബാക്കി വിഷയങ്ങളും പഠിച്ചു. ഇനി ഒരിക്കൽക്കൂടി എല്ലാം വായിക്കണം. പപ്പയുടെ പടത്തിനു മുന്നിൽ ഇരുന്നാണ് ഇപ്പോൾ ചേട്ടന്റെ പഠനം. എൻട്രൻസിനു വേണ്ടിയും തയാറെടുക്കുന്നുണ്ട്. വീട്ടിൽ ഇരുന്ന് തന്നെയാണ് പഠിക്കുന്നത്.
പരീക്ഷയിൽ ഏറ്റവും മുന്നിലെത്താൻ ഞാൻ ഒരുപാടു ശ്രമിക്കുന്നുണ്ട്. പക്ഷേ പുസ്തകം തുറക്കുമ്പോൾ പപ്പയെ ഞങ്ങളിൽനിന്ന് തട്ടിയെടുത്ത ആ ഭീമൻ തിരമാലകളും രാക്ഷസൻ കൊടുങ്കാറ്റും എന്റെ ഉള്ളിലേക്കു കയറിവരും. കണ്ണിൽ ഇരുട്ടു കയറും. ഒന്നും പഠിക്കാൻ പറ്റാതെ വരും.
പിന്നെ കുറേ നേരം പുസ്തകം അടച്ച് പപ്പയുടെ പടത്തിൽ നോക്കി ഇങ്ങനെ ഇരിക്കും. പപ്പയുടെ ഫോട്ടോയ്ക്കു മുന്നിലെ പൂക്കൾ മാറ്റി പുതിയ പൂവ് വയ്ക്കുമ്പോഴും മെഴുകുതിരി കത്തിക്കുമ്പോഴുമെല്ലാം എനിക്ക് ഒരുപാടു വിഷമമാകും. പഠിക്കാൻ ബുദ്ധിമുട്ട് തോന്നി തുടങ്ങിയപ്പോൾ ഞാൻ ലില്ലി പുഷ്പം ടീച്ചറോട് കാര്യം പറഞ്ഞു.
ഇപ്പോൾ കുറച്ചു ദിവസമായി സ്കൂൾ കഴിഞ്ഞെത്തിയിട്ട് ടീച്ചറുടെ വീട്ടിൽ പോയിരുന്നു പഠിക്കും. ചിലപ്പോഴൊക്കെ രാത്രിയാകും. വീട്ടിലേക്കുള്ള ആ ഇടവഴി കയറുമ്പോൾ പേടി തോന്നാറുണ്ട്. വഴി ഉള്ളിലേക്കു കയറി വീട്ടുമുറ്റത്തെ വെളിച്ചം കാണുമ്പോൾ സമാധാനമാകും.
അന്ന് പപ്പ ജോലിക്ക് ഇറങ്ങാറായപ്പോഴായിരുന്നു ക്രിക്കറ്റ് കളിക്കാൻ പോയ ചേട്ടൻ മടങ്ങിവന്നത്. സിക്സർ അടിച്ചാൽ മാത്രം പോരാ, പ്ലസ്ടു ആണെന്നുള്ള ഓർമകൂടി വേണം, വലിയ മാർക്കുണ്ടെങ്കിലേ മെക്കാനിക്കൽ എൻജിനിയറൊക്കെ ആകാൻ പറ്റൂ എന്നൊക്കെ ചേട്ടന്റെ തോളിൽ തട്ടി പപ്പ പറഞ്ഞില്ലേ. അതുകേട്ട് നമ്മളെല്ലാവരും ഒരുപാടു ചിരിച്ചു. പക്ഷേ അത് അവസാനത്തെ സന്തോഷമാകുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.
പപ്പയ്ക്കു വലിയ സന്തോഷമായിരുന്നു ചേട്ടൻ ക്രിക്കറ്റ് കളിക്കുന്നത്. പഠിത്തത്തിൽനിന്നു ശ്രദ്ധ മാറുന്നു എന്നു തോന്നുമ്പോൾ ചേട്ടനെ വഴക്കു പറയുമെങ്കിലും പപ്പ ഞങ്ങളോടു പറയുമായിരുന്നു അവൻ നല്ല ക്രിക്കറ്റുകാരൻ ആകുമെന്ന്. പപ്പ പോയതിനുശേഷം ചേട്ടൻ കടപ്പുറത്തേക്കു പോയിട്ടേയില്ല. കൂട്ടുകാർ വന്നു ക്രിക്കറ്റ് കളിക്കാൻ വിളിക്കുമെങ്കിലും അവിടേക്കും പോകാറില്ല. വീട്ടിൽ തന്നെ ഇരിപ്പാണു മിക്കപ്പോഴും.
നവംബർ 28നാണ് ഞങ്ങൾ പപ്പയെ അവസാനമായി കണ്ടത്. ഡിസംബർ 23നു കോഴിക്കോട്ടു നിന്നാണ് പപ്പ ഇനിയില്ല എന്ന വാർത്ത ഞങ്ങളെ തേടിയെത്തിയത്. ദിവസം ഒരുപാടു കടന്നുപോയതുകൊണ്ട് ഡിഎൻഎ ടെസ്റ്റിനു ശേഷം മാത്രമേ ബോഡി വിട്ടുനൽകുമായിരുന്നുള്ളൂ. അന്ന് ബേപ്പൂരിലേക്ക് ചേട്ടൻ പോകുമ്പോൾ ഞാനും അമ്മയും അനിയത്തിയും കർത്താവിന്റെ രൂപത്തിനു മുന്നിൽ പ്രാർഥനയോടെ ഇരുന്നു.
പക്ഷേ അത് പപ്പയായിരുന്നു. തിരികെ വന്നു ചടങ്ങുകൾ ഒക്കെ കഴിഞ്ഞപ്പോൾ ചേട്ടൻ അമ്മയോടു ചോദിച്ചു, എന്തൊക്കെ വന്നാലും എന്നെ കടലിലേക്ക് ഇറക്കില്ല എന്നല്ലേ പപ്പ പറഞ്ഞിരുന്നത്, അപ്പോൾ ഇനി മുതൽ ഞാനും പഠനം നിർത്തി കടലിലേക്ക് ഇറങ്ങണോ എന്ന്. ഒന്നും പറയാതെ ഞങ്ങളെ നോക്കിയിരുന്ന അമ്മയുടെ കൈകൾ ചേർത്തു പിടിച്ച് ചേട്ടൻ വീണ്ടും പറഞ്ഞു: അച്ഛനെ കൊണ്ടുപോയ കടൽ എനിക്കു പേടിയാണ്. അവിടേക്കു ഞാൻ പോകില്ല. നന്നായി പഠിച്ച് പപ്പയുടെ ആഗ്രഹംപോലെ ഞാൻ മെക്കാനിക്കൽ എൻജിനിയറാകും. അമ്മയേയും അനിയത്തിമാരേയും പൊന്നുപോലെ നോക്കും.
അനിയത്തി ജിജി എട്ടിൽ ആയതേയുള്ളൂ. എഴുതാനും വായിക്കാനും അറിയാത്തതുകൊണ്ടു പപ്പയ്ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടും വിഷമവും ഒന്നും ഞങ്ങൾക്ക് ഉണ്ടാകരുതെന്ന് പപ്പയ്ക്കു വലിയ നിർബന്ധമായിരുന്നില്ലേ. ഇപ്പോൾ പപ്പയുടെ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണു ഞങ്ങൾ.
അങ്ങു ദൂരെ വെളുത്ത മേഘങ്ങൾക്കിടയിലിരുന്ന് പപ്പ ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. മനസുകൊണ്ട് പപ്പ എന്റൊപ്പം ഉണ്ടെന്ന വിശ്വാസത്തിലാണ് ഞാൻ പരീക്ഷ എഴുതാൻ വീട്ടിൽ നിന്നിറങ്ങുന്നത്.