നാദാപുരം: എംഇടി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി നാദാപുരം കക്കം വെള്ളി മുഹമ്മദ് ഷിനാസിനെ റാഗ് ചെയ്ത സംഭവത്തില്‍നാല് സീനിയര്‍ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കി.
മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ ഇയ്യംകോട് ചെറുവാന്റെവിട സി.വി. ജുനൈദ് (20), നരിപ്പറ്റ തയ്യില്‍ റുഹൈസ് (20), മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ പുളിയാവ് മാമുണ്ടേരി ഷംനാസ് (20), ഭൂമി വാതുക്കല് തൈവെച്ച മാടം വെള്ളി മുഹമ്മദ് മിസ്ഹബ്(20)എന്നിവരെയാണ് പുറത്താക്കിയത്.
ഇവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റിക്കയച്ചതായി പ്രിന്‍സിപ്പല്‍ ഇ.കെ. അഹ്മദ് അറിയിച്ചു. കോളജ് അധികൃതരുടെ അനുവാദമില്ലാതെ കാമ്പസില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
ആന്റി റാഗിംഗ് സെല്‍, സ്റ്റാഫ് അന്വേഷണ സമിതി എന്നിവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബര്‍ 21 -നായിരുന്നു കേസിനാസ്പദമായ സംഭവം. മുഹമ്മദ്ഷിനാസിനെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
രണ്ടാഴ്ചയിലധികം വിദ്യാര്‍ഥിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. സംഭവം ഒതുക്കി തീര്‍ക്കാൻ നീക്കം നടന്നെങ്കിലും വിദ്യാര്‍ഥിയുടെ രക്ഷിതാക്കളും കോളജ് അധികൃതരും ഒത്തു തീര്‍പ്പിനു തയ്യാറായില്ല. നാദാപുരം പോലീസ് ആന്റി റാഗിംഗ് വകുപ്പ് പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.