തിരുവനന്തപുരം: കെ.എം.മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. മുന്നണി വിപുലീകരണത്തിൽ സിപിഐക്ക് എതിർപ്പില്ല. മാണിയുടെ കാര്യത്തിൽ സിപിഐ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിലപാട് തന്നെയാണെന്നും അദ്ദേഹം ദീപികയോട് പറഞ്ഞു.
മുന്നണിയിൽ ആരെയെങ്കിലും ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. മുന്നണി വിപൂലീകരണത്തിന് മുന്പ് നിരവധി ചർച്ചകൾ നടത്തേണ്ടതുണ്ട്. അതിൽ പ്രധാനം സിപിഎമ്മും സിപിഐയും തമ്മിലുള്ള ചർച്ചയാണ്. മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന പാർട്ടികളെ ഉൾപ്പെടുത്തുന്ന ചർച്ചകൾ ഉണ്ടായാൽ ക്രിയാത്മകമായ സമീപനം ഉണ്ടാകുമെന്ന് പറഞ്ഞ പന്ന്യൻ മാണിയുടെ കാര്യത്തിൽ അനുകൂല തീരുമാനം സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.