ബിജെപി സഖ്യം ത്രിപുരയടക്കം രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും പിടിച്ചെടുത്തതോടെ ഇനി അടുത്ത ലക്ഷ്യം കേരളമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി എന്ത് വില നല്‍കിയും കേരളത്തിലും ഭരണത്തിലേറുകയാണ് ബിജെപിയുടെ ലക്ഷ്യം. ത്രിപുരയെക്കാള്‍ എളുപ്പത്തില്‍ ഇത് സാധ്യമാകുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതേ സമയം കേരളം കൈപ്പിടിയിലൊതുക്കുവാനുള്ള തന്ത്രങ്ങള്‍ക്ക് ബിജെപി കേന്ദ്രനേതൃത്വം മാസങ്ങള്‍ക്ക് മുമ്പുതന്നെ തുടക്കമിട്ടതായി നേരത്തെ തന്നെ റിപ്പോട്ടുകളുണ്ടായിരുന്നു.
അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ കേരളത്തില്‍ നടപ്പാക്കാനായി പ്രത്യേക സംഘം തന്നെ ഉണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതില്‍ കേരള നേതാക്കള്‍ ആരും ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ത്രിമുഖ തന്ത്രംപയറ്റിയാണത്രെ കേരളം പിടിക്കാനുള്ള അമിത്ഷായുടെ പ്ലാന്‍. കേരള നിയമസഭയിലെ പത്തോളം എംഎല്‍എ മാരെ തങ്ങളുടെവരുതിയില് ഇതിനകം അമിത്ഷായ്ക്ക് എത്തിക്കാന്‍ കഴിഞ്ഞതായും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സൂചനകളുണ്ട്. ഇതില്‍ ഭരണപക്ഷത്തെ ഒരു എം എല്‍ എയും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
കേരള ഭരണം പിടിക്കാനാകുമെന്ന പ്രതീതി ഉയര്‍ന്നാല്‍ നിലവിലെ എംഎല്‍എ മാരില്‍ നല്ലൊരുവിഭാഗത്തിനെ എന്‍ ഡി എ ക്യാമ്പിലെത്തിക്കാനാകുമത്രെ. മാത്രമല്ല സൂപ്പര്സ്റ്റാറടക്കമുള്ള പ്രമുഖരും എത്തുമെന്നും പറയപ്പെടുന്നു. ഇതിന് കളം ഒരുക്കുവാനുള്ള തന്ത്രങ്ങള്‍ ഇതിനകം തന്നെ മൂര്‍ദ്ധന്യതയില്‍ എത്തിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വിലയ്ക്കെടുത്ത് വരുതിയിലാക്കുക എന്നതന്ത്രമാണ് ആദ്യം പയറ്റുന്നത്.
ഇത് ഏറെക്കുറെ വിജയം കണ്ടുകഴിഞ്ഞു. വരും നാളുകളില്‍ ഇതുവരെ കാണാത്ത പല സംഭവങ്ങള്‍ക്കും കേരളം സാക്ഷിയാകാന്‍ പോകുകയാണത്രെ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ബി ജെ പിയെ കേരളത്തിലെ പ്രധാന ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
മറ്റ് പാര്‍ട്ടികളുടെ വിജയം ഞങ്ങള്‍ പരിഗണിക്കുന്നില്ല, കോണ്‍ഗ്രസിനെ തളര്‍ത്തി വിജയത്തിലെത്തുക എന്നതായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇക്കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ തളര്‍ത്താനാവും പ്രധാനമായും ബിജെപിയുടെ ശ്രമം.