ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കാര്‍ തമ്മില്‍ വാക്കേറ്റം സാധാരണമാണെങ്കില്‍ ഇപ്പോള്‍ കളത്തിനു പുറത്തേക്കു കയ്യങ്കാളിയില്വരെയെത്താവുന്ന വാക്കേറ്റമുണ്ടായിരിക്കുന്നു. ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കുമാണ് അടിയുടെ വക്കിലെത്തിയ വാക്കേറ്റം നടത്തിയത്. ഡർബൻ ടെസ്റ്റിനിടെയാണ് സംഭവം.
ഡ്രസിംഗ് റൂമിനു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വാര്‍ണറുടെ പരാക്രമം ലോകം കണ്ടത്. നാലാം ദിനത്തിലെ കളിക്കിടെ ഇരുടീമിലെയും താരങ്ങള്‍ ചായയ്ക്കായി ഡ്രസിംഗ് റൂമിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. ഓസീസ് താരങ്ങള്‍ കോണിപ്പടി കയറി മുകളിലേക്ക് വരുന്നതിനിടെ പിറകില്‍ നടന്നുവന്ന ഡികോക്കിനുനേരേ വാര്‍ണര്‍ രോഷം പ്രകടിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
നാലാംദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് എബി ഡിവില്ലിയേഴ്സിനെ റണ്ണൗട്ടാക്കിയപ്പോള്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ വലിയ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെ വാര്‍ണറും ഡികോക്കും തമ്മില്‍ ഏറ്റുമുട്ടാന്‍ കാരണമെന്നാണ് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ വാര്‍ണറുടെ ഭാര്യയെ പരാമര്‍ശിച്ച് ഡി കോക്ക് എന്തോ പറഞ്ഞെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാണ് ഓസീസ് താരത്തെ ചൊടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു.