മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇനി പിടികൂടാനുള്ളത് നിർദേശം നല്‍കിയവരെ.കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചുപേരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തതോടെയാണ് ശുഹൈബിനെ കൊല്ലാൻ നിർദേശം നല്‍കിയവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. വെട്ടാനാണ് നിർദേശം നല്‍കിയതെന്ന് സംഭവത്തിൽ ആദ്യം അറസ്റ്റിലായ ആകാശ് തില്ലങ്കേരി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഇന്നലെ അറസ്റ്റിലായ രണ്ടു സിപിഎം പ്രവർത്തകരെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകുന്നേരമാണ് സിപിഎം പ്രവർത്തകനും ചാലോട് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ തെരൂർ പാലയോട്ടെ സാജ് നിവാസിൽ കെ.ബൈജു (36), കാക്കയങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളി മുഴക്കുന്ന് പാലയിലെ കൃഷ്ണ നിവാസിൽ സി.എസ്. ദീപ്ചന്ദ് (25) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി. ജോണും സംഘവും അറസ്റ്റു ചെയ്തത്.
ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നതാണ് ദീപ്ചന്ദ് എന്നും ആയുധം സൂക്ഷിക്കാൻ ഉൾപ്പെടെയുള്ള സഹായം നൽകിയതിനുമാണ് ബൈജുവിനെയും അറസ്റ്റു ചെയ്തതെന്നും പോലീസ് അറിയിച്ചു. ശുഹൈബിനെ അക്രമിക്കുന്നതിനിടെ ദീപ് ചന്ദിന് മുഖത്ത് പരിക്കേറ്റിരുന്നു. ജനുവരി 12 നു എടയന്നൂരിലുണ്ടായ കോൺഗ്രസ് -സിപി എം സംഘർഷത്തിൽ ബൈജു ഉൾപ്പെടെയുള്ള ചുമട്ടുതൊഴിലാളികൾക്കും പരിക്കേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ 11 പേർ അറസ്റ്റിലായി. കൊലയാളി സംഘത്തിലെ 5 പേരും പ്രതികൾക്ക് രക്ഷപ്പെടാനും ആയുധങ്ങൾ സൂക്ഷിക്കാനും ശുഹൈബിനെക്കുറിച്ചു വിവരം നൽകാനും സഹായിച്ച 6 പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിനിടെ ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ടു വാളുകളും ഒരു മഴുവും കീഴല്ലൂർ പഞ്ചായത്തിലെ വെള്ളപറമ്പിൽ കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തി.
48 സെന്റിമീറ്റർ മുതൽ 52 സെന്റിമീറ്റർ വരെ നീളത്തിലുള്ള ആയുധങ്ങളാണ് പിടികൂടിയത്. കൊലപാതകം നടത്തിയതിനു ശേഷം ഒളിപ്പിച്ചു വച്ച ആയുധങ്ങൾ അറസ്റ്റിലായ ബൈജു അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചു നൽകുകയായിരുന്നു. കണ്ണൂർ സ്പെഷൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നാലു പ്രതികളെ കൂടുതൽ ചോദ്യം ചെയുന്നതിനു ഇന്നലെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
മുഴക്കുന്നിലെ ജിതിൻ, തില്ലങ്കേരി ആലയട്ടെ അൻവർ, തെരൂർ പാലയോട് സ്വദേശികളായ അഷ്കർ, അഖിൽ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇവരെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തി. തെരൂർ പാലയോട്, വെള്ള പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ മാസം 12നു രാത്രിയാണ് തെരൂർ തട്ടുകടയിൽ വച്ചു ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ അഞ്ചംഗ സംഘവും പിടിയിലായത് പോലീസിനു ആശ്വാസമായി. ഗൂഡാലോചന നടത്തിയവർ ഇനിയും പിടിയിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്. മറ്റുള്ളവർക്ക് വേണ്ടി തെരച്ചൽ നടത്തി വരികയാണ്. ഇതിനിടെ അന്വേഷണ റിപ്പോർട്ട് ഇന്നു സിഐ എ.വി.ജോൺ ഹൈക്കോടതിയിൽ ഹാജരാക്കും.