താരറാണി എന്നതിനേക്കാള്‍ നടി ശ്രീദേവി മുന്‍തൂക്കം നല്‍കിയിരുന്നത്, ഉത്തമയായ കുടുംബിനി എന്നതിനായിരുന്നു. മാതൃസ്നേഹത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു ശ്രീദേവി. ബോളിവുഡില്‍ തിരക്കിട്ട് അഭിനയിക്കുമ്പോഴും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ അവര്‍ സദാ ശ്രദ്ധിച്ചിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വിധി അവരോട് ദയ കാട്ടിയില്ല. താന്‍ ഏറെ ആഗ്രഹിച്ചിരുന്ന, മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശം കാണാന്‍ സാധിക്കുന്നതിന് മുമ്പ് അവര്‍ യാത്രയായി.
മക്കളോട് അടങ്ങാത്ത സ്നേഹം പ്രകടിപ്പിച്ചിരുന്ന ശ്രീദേവി മകള്‍ ജാന്‍വിയുടെ സിനിമാപ്രവേശനം കാണാനാകാതെയാണ് മടങ്ങിയത്. അമ്മയില്ലാതെ ഞങ്ങളുടെ ജീവിതം പൂര്‍ത്തിയാവില്ലെന്നും എങ്കിലും അമ്മയുടെ സ്വപ്നം ഒരിക്കലും താന്‍ വിട്ടുകളയുകയില്ലെന്നും ഇക്കഴിഞ്ഞ ദിവസം അമ്മയ്ക്കായി താനെഴുതിയ കുറിപ്പിലൂടെ ജാന്‍വി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, കഴിഞ്ഞ 21 വര്‍ഷത്തിനിടെ അമ്മയില്ലാത്ത ആദ്യ ജന്മദിനം ജാന്‍വിയ്ക്ക് ആഘോഷിക്കേണ്ടി വന്നിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജാന്‍വിയുടെ ജന്മദിനത്തില് ശ്രീദേവി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ജാന്‍വിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് എന്റെ മാലാഖയ്ക്ക് ലോകത്ത് എനിക്കേറ്റവും വിലപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് കഴിഞ്ഞ ജന്മദിനത്തില് ശ്രീദേവി കുറിച്ചത്. ജാന്‍വിയെ പോലെ തന്നെ ശ്രീദേവിയെ സ്നേഹിക്കുന്ന ഓരോരുത്തരെയും വല്ലാതെ വേദനിപ്പിക്കുന്നുണ്ട് ആ വാക്കുകളും പഴയ ചിത്രങ്ങളും.
ജാന്‍വിയുടെ അടുത്ത ബന്ധുവും പ്രിയ സുഹൃത്തുമായ സോനം കപൂറാണ് ജാന്‍വിക്ക് ആദ്യം ആശംസകളുമായി എത്തിയത്. ഞാന്‍ കണ്ടിട്ടുളളതില്‍ വെച്ച് ഏറ്റവും കരുത്തയായ പെണ്‍കുട്ടിയെന്നാണ് സോനം കപൂര്‍ ജാന്‍വിയെ വിശേഷിപ്പിച്ചത്. തൊട്ടുപിന്നാലെ ശ്രീദേവിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായ മനീഷ് മല്‍ഹോത്രയുടെ ആശംസകളും എത്തി. തുടര്‍ന്ന് കപൂര്‍ കുടുംബത്തിന്റെ ധാരാളം ആരാധകരും ശ്രീദേവിയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിയും ജാന്‍വിയ്ക്ക് ആശംസകള്‍ നേര്‍ന്നും രംഗത്തെത്തുകയുണ്ടായി. കഴിഞ്ഞ പിറന്നാളിന് ശ്രീദേവി നല്കിയ ആശംസയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.