കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ അറസ്റ്റിലായ ചെറുതാഴം സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചെറുതാഴം പരത്തി ഹൗസിൽ വിജേഷിനെ (37) ആണ് കണ്ണൂർ എസ്പിയുടെ സ്ക്വാഡ് ഇന്നലെ കാസർഗോട്ടു നിന്നും അറസ്റ്റ് ചെയ്തത്.
വിജേഷ് ആർഎസ്എസ് അനുഭാവിയാണെന്നു പോലീസ് പറഞ്ഞു. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കഴിഞ്ഞ വർഷം തിരുവനന്തപുരം മ്യൂസിയം പോലീസ് വിജേഷിനെതിരേ കേസെടുത്തിരുന്നു. കടുത്ത ആർഎസ്എസ് അനുഭാവിയും സിപിഎം വിരോധിയുമാണെന്ന് ശനിയാഴ്ച ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിൽ ഹരം കയറിയാണ് സിപിഎം ഓഫീസിലേക്ക് വിളിച്ചതെന്നും വിജേഷ് മൊഴി നൽകിയതായും പോലീസ് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്ക് ശനിയാഴ്ച ഉച്ചയോടെയാണ് വധഭീഷണിയുമായി വിളി എത്തിയത്. അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയേയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിക്കുകയായിരുന്നു. തുടർന്ന് അടിയന്തര അന്വേഷണത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
സന്ദേശമെത്തുന്പോൾ മുഖ്യമന്ത്രി ചെന്നൈയിൽ ആശുപത്രിയിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെത്തുടർന്ന് ഉടൻ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് അപ്പോളോ ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.