കൊച്ചി: കുന്പളം കായലിൽ രണ്ടുമാസംമുന്പ് വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം കാത്ത് പോലീസ്. കൊല്ലപ്പെട്ടത് ഉദയംപേരൂരിലെ സ്ത്രീയാണെന്ന സംശയമാണു വീണ്ടും ബലപ്പെടുന്നത്. ഇത് ഉറപ്പിക്കുന്നതിനായി ഈ സ്ത്രീയുടെ മകളുടെ ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്.
ഇതുവരെയുള്ള അന്വേഷണത്തിൽ കൊല്ലപ്പെട്ടതാരെന്നു കണ്ടെത്താൻ അധികൃതർക്കു സാധിച്ചിട്ടില്ല. മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെത്തി പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽകന്പിയിട്ട സ്ത്രീകളെ തെരഞ്ഞാണു പ്രധാനമായും അന്വേഷണം മുന്നോട്ടു പോയിരുന്നത്.
ഇതിനിടെയായിരുന്നു ഉദയംപേരൂരിലെ സ്ത്രീയും ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നതായി കണ്ടെത്തിയത്.
എന്നാൽ, കൊല്ലപ്പെട്ടത് ഇവരല്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം ആദ്യം. എകദേശം മുപ്പത് വയസ് മാത്രം പ്രായം തോന്നിക്കുന്ന സ്ത്രീയാണു കൊല്ലപ്പെട്ടതെന്നും ഉദയംപേരൂരിലെ സ്ത്രീയ്ക്കു പ്രായം ഏറെയാണെന്നുമായിരുന്നു പോലീസ് ഭാഷ്യം.
തുടർന്ന് ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയ സ്ത്രീകളുടെ വിവരങ്ങൾ തേടി ആശുപത്രികളിൽ ഉൾപ്പെടെ പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തുന്പുകളൊന്നും ലഭിച്ചില്ല. ഇതിനിടെ അന്വേഷണത്തിനായി മുംബൈയിലേക്കുപോയ സംഘം തിരികെയെത്തുകയും ചെയ്തു. ഇനി ഡിഎൻഎ പരിശോധന ഫലം ലഭിച്ചാലേ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.